ബെര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫിയില്‍ നിലനില്‍പ്പിനുള്ള പോരാട്ടത്തിനിറങ്ങിയ പാകിസ്ഥാന് വിജയ തിരിച്ചുവരവ്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തകര്‍ന്ന പാകിസ്ഥാൻ എന്നാല്‍ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് പരാജയപ്പെടുത്തി വിലപ്പെട്ട രണ്ട് പോയിൻ്റ് നേടി.
220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 27 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്ത് നില്‍ക്കെ മഴയെത്തുകയായിരുന്നു. തുടര്‍ന്ന് കളി മുടങ്ങിയതിനെ തുടര്‍ന്ന് മഴനിയമപ്രകാരമാണ് പാകിസ്ഥാൻ 19 റണ്‍സിന് വിജയിച്ചത്. ബാബര്‍ അസമും അസ്ഹര്‍ അലിയും 31 റണ്‍സ് വീതം നേടി. അതേസമയം മോണി മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച ബൗളിങ്ങാണ് പുറത്തെടുത്തത്. ഏഴ് ഓവര്‍ എറിഞ്ഞ മോര്‍ക്കല്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.
പാകിസ്ഥാനെതിരെ ബാറ്റിങ്ങില്‍ പതറിയ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 200 കടത്തിയത് ഡേവിഡ് മില്ലറുടെ ഒറ്റയാള്‍ പ്രകടനമാണ്. മത്സരം 42 ഓവറിലെത്തിയപ്പോഴും ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടില്‍ 165 റണ്‍സാണുണ്ടായിരുന്നത്. 104 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ മില്ലര്‍ കഴിഞ്ഞാല്‍ ക്വിന്റണ്‍ ഡികോക്കിന്റെ 33 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ മികച്ച സ്‌കോര്‍. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാണിച്ചതിനോടൊപ്പം കൃത്യമായ ഇടവേളകളില്‍ പാക് പൗരന്‍മാര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
എട്ടു ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹസ്സന്‍ അലിയും രണ്ട് വീതം വിക്കറ്റെടുത്ത ജുനൈദ് ഖാനും ഇമാദ് വസീമുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയത്.