മാഡ്രിഡ്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഫുട്‌ബോളിന്റെ ലോകവേദികളില്‍ ഒന്നായ സ്പാനിഷ് ലാലിഗയില്‍ ഫോട്ടോ ഫിനിഷിനൊടുവില്‍ കിരീടം റയല്‍ മാഡ്രിഡിന്. അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായി വെള്ളക്കുപ്പായക്കാര്‍ കിരീടം തിരിച്ചു പിടിച്ചപ്പോള്‍ ഒരു കളിയകലത്തിന്റെ ബലത്തില്‍ ബാഴ്‌സിലോണ തലകുനിച്ച് രണ്ടാം സ്ഥാനക്കാരായി. ഇന്നലെ ഒരു സമനില പോലും കീരിടം ഉറപ്പാക്കുന്ന ഘട്ടത്തില്‍ റയല്‍ മലാഗയെ 2-0 ന് കീഴടക്കുകയായിരുന്നു. ഇതോടെ സ്പാനിഷ് ലീഗ് കിരീടം നേടി തന്നെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ റയല്‍ കലാശപ്പോരിനിറങ്ങും.
സൂപ്പര്‍താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോ തന്നെ ഗോളടിക്ക് തുടക്കമിട്ടു. കരീം ബെന്‍സേമ പൂര്‍ത്തിയാക്കി. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ഇസ്‌കോയുടെ ത്രുബോള്‍ സ്വീകരിച്ച് എതിര്‍ ഗോളി കാര്‍ലോസ് കാമേനിയെ കബളിപ്പിച്ച് ഒഴിഞ്ഞ നെറ്റില്‍ ക്രിസ്ത്യാനോ പന്തെത്തിക്കുമ്പോള്‍ തന്നെ റയല്‍ ആരാധകര്‍ ആഘോഷം തുടങ്ങി. 55 ാം മിനിറ്റില്‍ നായകന്‍ റാമോസിന്റെ ഷോട്ട് തട്ടിയകറ്റിയ കാമേനി വീണ്ടും കബളിപ്പിക്കപ്പെട്ടും ഇത്തവണ ഊഴം കരീം ബെന്‍സേമയുടേതായിരുന്നു. 38 മത്സരങ്ങളില്‍ 65 ഗോളുകള്‍ അടിച്ചു 93 പോയിന്റ് നേടിയാണ് റയല്‍ 33 ാം തവണ കിരീടത്തില്‍ മുത്തമിട്ടത്. വെറും ആറു മാസം മുമ്പ് മാനേജര്‍ സ്ഥാനമേറ്റ ഫ്രാന്‍സിന്റെ ഇതിഹാസ ഫുട്‌ബോളര്‍ സിനഡിന്‍ സിദാന് പരിശീലകനെന്ന രീതിയിലും നേട്ടമായി.
ജോസ് മൊറീഞ്ഞോ അഞ്ചു വര്‍ഷം മുമ്പ് കിരീടം നേടിക്കൊടുത്ത ശേഷം ഇതാദ്യമായിട്ടാണ് റയല്‍ സ്പാനിഷ് ലാലിഗ കിരീടത്തില്‍ മുത്തമിട്ടത്. മറുവശത്ത് വെറും ഒരു കളിയുടെ മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാമനായി തലകുനിക്കേണ്ടി വന്നെങ്കിലും രാജകീയമായി തന്നെ ബാഴ്‌സിലോണയും ലീഗ് പൂര്‍ത്തിയാക്കി 38 കളികളില്‍ 90 പോയിന്റ് നേടിയ അവര്‍ ഐബറിനെ 4-2 ന് മുക്കി. മെസ്സി ഇരട്ടഗോള്‍ കുറിച്ചപ്പോള്‍ സുവാരസും ഗോള്‍ നേട്ടത്തില്‍ പങ്കാളിയായ ജങ്കയുടെ സെല്‍ഫ് ഗോള്‍ ബാഴ്‌സയുടെ സ്‌കോര്‍ 4-2 ആക്കി. ഇനൂയിയുടെ ഇരട്ടഗോളായിരുന്നു ഐബറിന്റെ നേട്ടം. 74 ാം മിനിറ്റില്‍ കാപ്പ ചുവപ്പ് കാര്‍ഡ് വാങ്ങിയത് അവരെ പത്തുപേരാക്കി.
സ്വന്തം ടീമിന് കിരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ മാരകഫോം ഒരിക്കല്‍ കൂടി ലയണേല്‍ മെസ്സി കാട്ടിക്കൊടുത്തു. 37 ഗോളുകള്‍ ഈ സീസണില്‍ നേടിയ അദ്ദേഹം 2013 ന് ശേഷം ലാലിഗയിലെ ടോപ് സ്‌കോററായി. 29 ഗോളുകളുമായി കൂട്ടുകാരന്‍ ലൂയിസ് സുവാരസ് രണ്ടാമത് നില്‍ക്കുമ്പോള്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ 25 ഗോള്‍ നേടി മൂന്നാമതുണ്ട്. അതേസമയം തന്നെ യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളിലെയും ടോപ് സ്‌കോറര്‍ പദവിയുണ്ടായിരുന്നു ജിമ്മി ഗ്രേവ്‌സിന്റെ 366 ഗോളുകളുടെ റെക്കോഡ് ക്രിസ്ത്യാനോ 369 ഗോളോടെ മറികടന്നു. സ്പാനിഷ് ലീഗും ചാമ്പ്യന്‍സ് ലീഗുമില്ലാതെ ഈ സീസണ്‍ പൂര്‍ത്തിയാക്കി ലൂയിസ് എന്റിക്കെ ബാഴ്‌സയുടെ പടിയിറങ്ങുമ്പോള്‍ കളിക്കാരനായും പരിശീലകനായും സ്പാനിഷ്‌ലീഗ് കിരീടം കുറിച്ച് സിദാന്‍ മുന്നേറുകയാണ്. ഇനി അദ്ദേഹത്തിന്റെ ലക്ഷ്യം കളിക്കാരനായും പരിശീലകനായുമുള്ള ചാമ്പ്യന്‍സ് ലീഗ് കിരീടമാണ്.
കോപ്പാ ഡെല്‍റേയില്‍ ശനിയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടുന്ന ബാഴ്‌സയുടെ പരിശീലകന്‍ എന്ന പദവി ഈ മത്സരത്തോടെ എന്റികെ പൂര്‍ത്തിയാക്കും. ഈ സീസണില്‍ ഒരു കിരീടം പോലുമില്ലാത്ത ബാഴ്‌സയ്ക്കും ലൂയിസ് എന്റിക്കേയ്ക്കും അത് നിര്‍ണ്ണായകമാണ് താനും. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ യുവന്റസിനോട് തോറ്റ് കിരീട വരള്‍ച്ച അനുഭവിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡിനും അതുപോലെ തന്നെയാണ് കാര്യങ്ങള്‍. സ്പാനിഷ് ലാലിഗയില്‍ ഇന്നലെ അത്‌ലറ്റിക്കോ ബില്‍ബാവോയെ 3-1 ന് വീഴ്ത്തി അവര്‍ മൂന്നാമത് എത്തിയപ്പോള്‍ സെവില്ല നാലാമതും വില്ലാറയല്‍ അഞ്ചാമതും വന്നു. ഇന്നലെ റയലിനോട് തോറ്റ മലാഗ പതിനൊന്നിലും ബാഴ്‌സ തോല്‍പ്പിച്ച ഐബര്‍ പത്താമതുമാണ് ലീഗ് പൂര്‍ത്തിയാക്കിയത്.