ലണ്ടന്‍ : ഏകദിന ക്രിക്കറ്റിലെ ചാമ്പ്യന്‍മാരുടെ ആവേശപ്പോരാട്ടത്തിന് ഇന്നു തുടക്കം. ഐസിസി റാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിന്റെ എട്ടാം പതിപ്പിനാണ് ഇംഗ്ലണ്ടില്‍ ഇന്ന് കൊടിയുയരുന്നത്.ആതിഥേയരായ ഇംഗ്ളണ്ടും ബംഗ്ളാദേശും തമ്മിലാണ് ഉദ്ഘാടനമത്സരം. കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യന്‍സമയം പകല്‍ മൂന്നിനാണ് മല്‍സരം ആരംഭിക്കുക.
ക്രിക്കറ്റിന്റെ ജന്മദേശമാണെങ്കിലും, ഇതുവരെ ഒരു ഐസിസി ഏകദിന കിരീടം പോലും ഇംഗ്ലണ്ടിന് ഇതുവരെ സ്വന്തമാക്കാനായിട്ടില്ല. ആ ദുര്‍വിധി മറികടക്കുക ലക്ഷ്യമിട്ടാണ് ഇത്തവണ ഇയാന്‍ മോര്‍ഗനും സംഘവും കളത്തിലിറങ്ങുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടു തവണയും, ലോകകപ്പില്‍ മൂന്നു തവണയും ഫൈനലില്‍ കടക്കാനായത് മാത്രമാണ് ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനങ്ങള്‍.
നായകന്‍ ഇയാന്‍ മോർഗൻ, ജാസൺ റോയ്, അലക്സ്ഹെയ്ൽസ്, ജോ റൂട്ട്, മോയിന്‍ അലി, ബെയർസ്റ്റോ, ജോസ് ബട്ലർ, ബെൻസ്റ്റോക്സ് എന്നിവരടങ്ങിയ ബാറ്റിങ് നിരയും, ഡേവിഡ്വില്ലി, ജാക്ബാൾ, ആദിൽ റാഷിദ്, തുടങ്ങിയ ബൌളിംഗ് നിരയും മികച്ച നിലവാരമുള്ളതാണ്. അതേസമയം ഐപിഎല്ലിനിടെ പരുക്കേറ്റ ബെന്‍ സ്റ്റോക്സ് ഇന്ന് അന്തിമ ഇലവനില്‍ ഇടംപിടിക്കുമോ എന്നതും പ്രധാനമാണ്. ബാറ്റു കൊണ്ടും പന്തു കൊണ്ടും തിളങ്ങുന്ന താരമാണ് ബെന്‍ സ്റ്റോക്സ്.
മഷ്റഫെ മുർതസയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശും മികച്ച മുന്നേറ്റം ലക്ഷ്യമിട്ടാണ് ടൂര്‍ണമെന്റിനെത്തിയിട്ടുള്ളത്.പാകിസ്താനെതിരെ സന്നാഹമത്സരത്തിൽ 341 റൺസടിച്ച് ബംഗ്ലാദേശ് ബാറ്റിംഗ് നിര ശക്തി കാണിച്ചിരുന്നു. ഈ ഫോം ടൂര്‍ണമെന്റിലും തുടര്‍ന്നാല്‍ മികച്ച നേട്ടം കൈവരിക്കാമെന്നാണ് ബംഗ്ലാ കടുവകളുടെ പ്രത്യാശ.
പുത്തന്‍ സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിനും ചാമ്പ്യന്‍സ് ട്രോഫി വേദിയാകും. ബാറ്റ്സ്മാന്മാര്‍ക്ക് അവരുടെ ബാറ്റിങ്ങിന്റെ മേന്മകളും കുറവുകളും മനസ്സിലാക്കാന്‍ സഹായിക്കുന്ന ചിപ്പ് ഘടിപ്പിച്ച ബാറ്റുകളും, പിച്ചിന്റെ സ്വഭാവം പഠിക്കാന്‍ സഹായിക്കുന്ന ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണും ടൂര്‍ണമെന്റില്‍ ഉപയോഗിക്കും. കംപ്യൂട്ടര്‍
ചിപ്പ്നിര്‍മാണരംഗത്തെ പ്രമുഖരായ ഇന്റലിന്റെ സാങ്കേതികസഹായത്തോടെയാണ് ഐസിസി ഇത് നടപ്പാക്കുന്നത്.
ചിപ്പ് ഘടിപ്പിച്ച ബാറ്റ് ഓരോ ടീമിലെയും മൂന്നു ബാറ്റ്സ്മാന്‍മാര്‍ക്കാണ് ഉപയോഗിക്കാനാകുക. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ്മ, അജിന്‍ക്യ രഹാനെ, ആര്‍ അശ്വിന്‍ എന്നിവരാകും ചിപ്പ് ഘടിപ്പിച്ച ബാറ്റ് ഉപയോഗിച്ച് കളിക്കുക. ജൂണ്‍ നാലിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യമല്‍സരം.