ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ പുനെ സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിനു പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി.
ഇന്നലെ ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്‌ത മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് നിശ്‌ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ 129 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.
എന്നാല്‍ താരതമ്യേന ചെറിയ സ്‌കോര്‍ മികച്ച ബൗളിങ്ങിലൂടെ പ്രതിരോധിച്ചാണ് മുംബൈ തങ്ങളുടെ മൂന്നാം ഐ.പി.എല്‍. കിരീടം സ്വന്തമാക്കിയത്. 130 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ പുനെയെ വിജയവഴിയില്‍ നിന്നു മുംബൈ ബൗളര്‍മാര്‍ വലിച്ചു താഴെയിടുകയായിരുന്നു.
നിശ്‌ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 128 റണ്‍സ് എടുക്കാനേ അവര്‍ക്കായുള്ളു. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടിയിരുന്ന പുനെയ്‌ക്ക് 11 റണ്‍സ് മാത്രമേ നേടാനായുള്ളു.
അര്‍ധസെഞ്ചുറി നേടി നായകന്‍ സ്‌റ്റീവന്‍ സ്‌മിത്ത് കളത്തിലുണ്ടായിരുന്നപ്പോള്‍ പുനെയ്‌ക്ക് ജയപ്രതീക്ഷയായിരുന്നു. ജോണ്‍സന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി മനോജ് തിവാരി പുനെയുടെ സമ്മര്‍ദ്ദം അകറ്റുകയും ചെയ്‌തു. എന്നാല്‍ രണ്ടാം പന്തില്‍ തിവാരിയെയും മൂന്നാം പന്തില്‍ സ്‌റ്റീവന്‍ സ്‌മിത്തിനെയും വീഴ്‌ത്തിയ ജോണ്‍സണ്‍ മുംബൈയ്‌ക്ക് മേല്‍കൈ സമ്മാനിച്ചു.
ശേഷിച്ച മൂന്നു പന്തില്‍ പുനെ ബാറ്റ്‌സ്മാന്മാരായ ഡാന്‍ ക്രിസ്‌റ്റ്യനും വാഷിങ്‌ടണ്‍ സുന്ദറിനും ഏഴു റണ്‍സ് മാത്ര േകണ്ടെത്താനായുള്ളു. പുനെ നിരയില്‍ 50 പന്തില്‍ നിന്ന് രണ്ടു വീതം ബൗണ്ടറികളും സിക്‌സറുകളും സഹിതം 51 റണ്‍സ് നേടിയ സ്‌മിത്താണ് ടോപ്‌സ്കോറര്‍. 38 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 44 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് മറ്റൊരു പ്രമുഖ സ്‌കോറര്‍.
മുംബൈയുടെ മൂന്നാം കിരീട ജയമാണിത്. 2013, 2014 സീസണുകളിലാണ് ഇതിനു മുമ്പ് അവര്‍ ജേതാക്കളായത്. കഴിഞ്ഞ സീസണില്‍ ഐ.പി.എല്ലില്‍ അരങ്ങേറിയ പുനെയുടെ ആദ്യ ഫൈനലായിരുന്നു ഇത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജയസ്‌ഥാന്‍ റോയല്‍സ് എന്നിവര്‍ക്കു പകരക്കാരായി ഇടംപിടിച്ച ടീമുകളിലൊന്നാണ് പുനെ. അടുത്ത സീസണില്‍ അവര്‍ ഐ.പി.എല്ലില്‍ ഉണ്ടാകുമോയെന്ന് ഉറപ്പില്ലാത്തതിനാല്‍ രണ്ടും കല്‍പിച്ചാണ് പുനെ താരങ്ങള്‍ ഫൈനലിനിറങ്ങിയത്.
നേരത്തെ ടോസ് നേടിയ മുംബൈ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പുനെയുടെ മികച്ച ബൗളിങ്ങില്‍ മുംബൈയ്‌ക്ക് തുടക്കം മുതലേ പിഴച്ചു.
നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ജയ്‌ദേവ് ഉനാദ്‌കടും നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങിയ സ്‌പിന്നര്‍ വാഷിങ്‌ടണ്‍ സുന്ദറുമാണ് മുംബൈയെ തകര്‍ത്തത്. സ്‌പിന്നര്‍ ആദം സാംപയും പേസര്‍ ഡാന്‍ ക്രിസ്‌റ്റ്യനും രണളടു വിക്കറ്റ് വീതം വീഴ്‌ത്തി ഇരുവര്‍ക്കും മികച്ച പിന്തുണ നല്‍കി.
ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ ഓപ്പണര്‍മാരെ മടക്കിയ ഉനാദ്‌കട് മുംബൈയുടെ തകര്‍ച്ചയ്‌ക്കു തുടക്കമിട്ടപ്പോള്‍, 11ാം ഓവറില്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ(24), വെടിക്കെട്ട് വീരന്‍ കീറോണ്‍ പൊള്ളാര്‍ഡ്(7) എന്നിവരെ മടക്കിയ സാംപ അവരുടെ തരിച്ചുവരവ് സ്വപ്‌നങ്ങള്‍ക്കും തടയിട്ടു.
മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ പാര്‍ഥിവ് പട്ടേലിനെ ഷാര്‍ദുല്‍ താക്കൂറിന്റെ കൈകളിലെത്തിച്ച് ഉനാദ്‌കടാണ് മുംബൈയുടെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്.മൂന്നാം പന്തില്‍ ലെന്‍ഡ്‌ല്‍ സിമ്മണ്‍സിനെ അവിശ്വസനീയമായ ക്യാച്ചിലൂടെ മടക്കി ഉനാദ്‌കട് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഇതോടെ രണ്ടു വിക്കറ്റിന് എട്ടു റണ്‍സ് എന്ന നിലയിലായി മുംബൈ.
ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ ആറാം ഓവറില്‍ നാല് ബൗണ്ടറികള്‍ കണ്ടെത്തിയ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ മുംബൈയെ മല്‍സരത്തിലേക്കു മടക്കിക്കൊണ്ടുവന്നെങ്കിലും, എട്ടാം ഓവറിന്റെ രണ്ടാം പന്തില്‍ സ്‌റ്റീവ് സ്‌മിത്തിന്റെ നേരിട്ടുള്ള ഏറില്‍ അമ്പാട്ടി റായിഡുവും കൂടാരം കയറിയതോടെ മുംബൈ വീണ്ടും തകര്‍ന്നു. 15 പന്തില്‍ 12 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ റായിഡുവിന്റെ സമ്പാദ്യം.
11ാം ഓവറില്‍ ഇരട്ടുവിക്കറ്റുമായി ആദം സാംപയും വരവറിയിച്ചതോടെ മുംബൈ പരുങ്ങി. ആദ്യ പന്തില്‍ രോഹിത് ശര്‍മയെ (22 പന്തില്‍ 24) മടക്കിയ സാംപ, അവസാന ഓവറില്‍ പൊള്ളാര്‍ഡിനെയും (മൂന്നു പന്തില്‍ ഏഴ്) പുറത്താക്കി. 14ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഡാന്‍ ക്രിസ്‌റ്റ്യന്‍ എല്‍ബിയില്‍ കുരുക്കിയതോടെ പുണെ പിടി മുറുക്കി.
ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും മറുവശത്ത് ക്ഷമയോടെ കളിച്ച ക്രുണാല്‍ പാണ്ഡ്യയാണ് (38 പന്തില്‍ 47,) മുംബൈയുടെ ടോപ്‌സ്കോറര്‍. ഒരു ഘട്ടത്തില്‍ 100 കടക്കില്ലെന്ന് തോന്നിച്ച മുംബൈയ്‌ക്ക്, എട്ടാം വിക്കറ്റില്‍ മിച്ചല്‍ ജോണ്‍സണെ(13 നോട്ടൗട്ട്) കൂട്ടുപിടിച്ചു ക്രുണാല്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് തുണയായത്. ഇരുവരും ചേര്‍ന്ന് 50 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.