കൊട്ടാരക്കര : കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാഹനഗതാഗതം തടസ്സപ്പെട്ടതോടെ ഭക്ഷ്യവസ്തുക്കൾക്ക് ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു. എന്നാൽ ഭക്ഷ്യവസ്തുക്കൾ വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ അന്തർസംസ്ഥാന വാഹനഗതാഗതം സുഗമമായി നടക്കാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും ഈ സാഹചര്യത്തിലും ഭക്ഷ്യവസ്തുക്കളുടെ ഇല്ലാത്ത ദൗർലഭ്യം സൃഷ്ടിച്ചുകൊണ്ട് വ്യാപാരസ്ഥാപനങ്ങളിൽ ഉപഭോക്താക്കളിൽ നിന്നും അമിതവില ഈടാക്കുന്നതായി ശ്രദ്ധയിൽ പെടുകയുണ്ടായി. ഈ സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം കൊല്ലം റൂറൽ പോലീസ് ജില്ലയിൽ എല്ലാ കച്ചവട സ്ഥാപനങ്ങളിലും നിർബന്ധമായും കച്ചവട ഉൽപ്പന്നങ്ങളുടെ കൃത്യമായ വിലവിവരപ്പട്ടിക ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് ഓരോ കച്ചവട സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകുകയുണ്ടായി.
മൂന്നു ദിവസത്തിനകം വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നും അല്ലാത്തപക്ഷം എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം കടയുടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും കൃത്യമായ നിർദ്ദേശം നൽകുകയുണ്ടായി. എന്നാൽ ഈ നിർദേശങ്ങൾ പാലിക്കാതെയും, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും, അമിതവില ഈടാക്കി കൊണ്ടും കച്ചവടം നടത്തി വന്ന മൂന്നു കച്ചവട സ്ഥാപന ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. കൊട്ടാരക്കര, കുളത്തൂപ്പുഴ,ശാസ്താംകോട്ട സ്റ്റേഷൻ പരിധികളിൽ ആണ് എസെൻഷ്യൽ കമ്മോഡിറ്റിസ് ആക്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ മുട്ടമ്പലത്ത് സിയോൺ മാർജിൻ ഫ്രീ മാർക്കറ്റ് എന്ന സ്ഥാപനം നടത്തിവരുന്ന മൈലം പള്ളിക്കൽ ഈസ്റ്റ് വിളയിൽ പുത്തൻവീട്ടിൽ മത്തായി മകൻ അലക്സാണ്ടർ (54) കുളത്തൂപ്പുഴ സ്റ്റേഷൻ പരിധിയിൽ കുളത്തൂപ്പുഴ ജംഗ്ഷനിൽ കട നടത്തിവരുന്ന തിങ്കൾകരിക്കം സാംനഗർ തെമ്മയിൽ വീട്ടിൽ സക്കറിയാ മകൻ റിഷാദ് (32), ശാസ്താംകോട്ട സ്റ്റേഷൻ പരിധിയിൽ പാറയിൽ മുക്ക് എന്ന സ്ഥലത്ത് പലചരക്ക് സ്റ്റേഷനറി വ്യാപാരം നടത്തിവരുന്ന ശാസ്താംകോട്ട പനപ്പെട്ടി സാരംഗി വീട്ടിൽ പ്രഭാകരൻ മകൻ രാജീവ് (50) എന്നിവർക്കെതിരെയാണ് കൊല്ലം റൂറൽ പോലീസ് കേസെടുത്തത്. സംസ്ഥാനം കടന്നുള്ള ഭക്ഷ്യവസ്തുക്കളുടെ സുഗമമായ ഗതാഗതം ഉറപ്പുവരുത്തുകയും അതിലൂടെ സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്ത സാഹചര്യത്തിലും പ്രദർശിപ്പിക്കാതെയും അമിതവില ഈടാക്കി കൊണ്ടും സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ ലംഘിച്ചു കൊണ്ടും വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചതിനാണ് ഈ ആളുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഏഴുവർഷംവരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് ബഹുഃ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസ് അറിയിച്ചു.
