കൊട്ടാരക്കര : നിരവധി ആൾക്കാർക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ വാളകം അമ്പലക്കര വയ്യം കുളത്ത് തെക്കേക്കര വീട്ടിൽ ജിജോ ബാബു (29) ന്റെ കൂട്ടാളിയായ മഞ്ഞക്കാല ആവണീശ്വരം പുന്നല പുത്തൻ വീട്ടിൽ സാംകുട്ടി മകൻ സഞ്ജു പി സാം എന്നയാളാണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്. ലക്ഷങ്ങൾ തട്ടിയെടുത്തു മുഖ്യപ്രതിയായ ജിജൊബാബുവിനൊപ്പം മുങ്ങിയ ശേഷം ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പത്തനാപുരം പിടവൂർ സ്വദേശിയിൽ നിന്നും നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉത്തർപ്രദേശിൽ കൊണ്ടുപോയി 8.5 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തു. വ്യാജ നിയമന ഉത്തരവ് സ്വയം നിർമ്മിച്ച് നൽകിയാണ് കബളിപ്പിച്ചത്. കേരളത്തിലെ ഒരു പ്രാദേശിക പാർട്ടിയുടെ പ്രവർത്തകരെ മുന്നിൽ നിർത്തി വിശ്വാസം നേടിക്കൊണ്ടാണ് ഇവർ ഉദ്യോഗാർത്ഥികളെ സമീപിച്ചിരുന്നത്. കൊട്ടാരക്കര എസ് ഐ മാരായ സാബുജി മാസ്, സുനിൽ എ എസ് ഐ സന്തോഷ് കുമാർ സിപിഒ ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വഞ്ചനയിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.
