കൊട്ടാരക്കര: കൊല്ലം റൂറൽ പോലീസ് ജില്ലയിലെ കൊട്ടാരക്കര, പുനലൂർ എന്നീ രണ്ടു സബ് ഡിവിഷനുകളിൽ പോലീസ് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ മയക്കുമരുന്ന് വിരുദ്ധസേന രൂപീകരിച്ചു. അഞ്ചൽ ഇൻസ്പെക്ടർ സി എൽ സുധീറിന്റെ മേൽനോട്ടത്തിലും പുനലൂർ സബ് ഇൻസ്പെക്ടർ രാജീവ്, എ എസ് ഐ മാരായ ജഹന്ഗീർ, ശ്രീകുമാർ എസ് സിപിഒ വിനോദ് കുമാർ, സിപിഒ ദീപു എന്നിവർ അംഗങ്ങളായും പുനലൂർ സബ് ഡിവിഷനിലും ശാസ്താംകോട്ട ഇൻസ്പെക്ടർ വി എസ് പ്രശാന്തിന്റെ മേൽനോട്ടത്തിൽ ശൂരനാട് എസ് ഐ ശ്രീജിത്ത് എ എസ് ഐ മാരായ ആശിഷ് കോഹൂർ, രാധാകൃഷ്ണ പിള്ള, ശിവകുമാർ സിപിഒ അനിൽകുമാർ എന്നിവർ അംഗങ്ങളായി കൊട്ടാരക്കര സബ് ഡിവിഷനിലും ഇനി മുതൽ മയക്കുമരുന്ന് വിരുദ്ധ സേന പ്രവർത്തിക്കും.
സ്കൂൾ വിദ്യാർത്ഥികളിലും യുവാക്കളിലും കഞ്ചാവ് മറ്റു മയക്കുമരുന്നുകളുടെ ഉപഭോഗം വർധിച്ചു വരുന്നതിനാലും തന്മൂലം പുതിയ തലമുറയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചു വരുന്നതിനാലും മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനം കൂടുതൽ ഉർജ്ജിതമാക്കുക എന്ന ഉദ്ദേശത്തോടെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരമാണ് സേനയുടെ പരിഷ്കരണം നടന്നത്. സ്കൂളുകളും മറ്റും കേന്ദ്രീകരിച്ചുള്ള കഞ്ചാവിന്റെ വിപണനം പൂർണമായും തടയുമെന്നും കഞ്ചാവ് വിപണനം സംബന്ധമായി കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.