കൊട്ടാരക്കര: പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വയോധിക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. കൊട്ടാരക്കര നീലേശ്വരം പൂവൻ പൊയ്ക തെക്കതിൽ കുഞ്ഞുമോൾ ( 61) ആണ് മരിച്ചത്.വെള്ളിയാഴ്ച ആണ് വീട്ടിൽ ഒറ്റക്ക് മുറി അടച്ചിട്ട് വയോധിക കഴിയുകയാണെന്ന് ഗ്രാമപഞ്ചായത്തംഗം ജലജാ സുരേഷ് കൊട്ടാരക്കര പൊലീസിൽ വിവരം അറിയിക്കുന്നത്. കൊട്ടാരക്കര പൊലീസ് സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹായത്തോടെ അവശനിലയിലായ വയോധികയെ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ വയോധിക മരിക്കുകയായിരുന്നു. ഭക്ഷണവും പരിചരണവും ഇല്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഭർത്താവ് മരിച്ച കുഞ്ഞുമോൾക്ക് രണ്ട് പെൺമക്കളാണുള്ളത്. ഇവർ വിവാഹിതരായി വിദൂരത്താണ് താമസം . പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. മക്കൾ: സനിത, സവിത. മരുമക്കൾ: ബിനോയ്, ജിജോ
