മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കവളപ്പാറയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ അമ്ബതോളം പേരെ കാണാതായതായി സംശയം.
പ്രദേശത്തുനിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കിട്ടി. നിലമ്ബൂര്‍ ഭൂതാനത്തും കവളപ്പാറയിലും വഴിക്കടവ് ആനമറിയിലും ഉരുള്‍ പൊട്ടി.
കവളപ്പാറ പ്രദേശത്തെ മുപ്പതോളം വീടുകള്‍ മണ്ണിനടിയിലാണ്. ഈ വീടുകളിലെ ആളുകളെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ ബന്ധുവീടുകളിലോ സമീപപ്രദേശങ്ങളിലോ എത്തിയിട്ടില്ല. പ്രദേശത്തെ ആളുകള്‍ നിരവധി സ്ഥലങ്ങളില്‍ ഇവരെ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് വിവരം പുറംലോകമറിയുന്നത്. പ്രദേശത്ത് എഴുപതോളം വീടുകളുണ്ടായിരുന്നു.
ഇതില്‍ മുപ്പതോളമാണ് മണ്ണിനടിയിലായത്. ഈ പ്രദേശം മുഴുവന്‍ മണ്ണുമൂടിയ അവസ്ഥയിലാണ്. ബോട്ടക്കല്ല് പാലത്തില്‍ ഗതാഗത തടസമുണ്ടായതോടെ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്കും എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.