കോട്ടയം: 2012 ലാണ് കോട്ടയം മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്യുന്നതെന്നും കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ ടികെ ജയകുമാർ. ബിൽഡിംഗിന്റെ ബലക്ഷയം സംബന്ധിച്ച് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് കൃത്യമായ പഠനം നടത്തി റിപ്പോർട്ട് ലഭിച്ചതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മെഡിക്കൽ കോളേജ് സൂപ്രണ്ടും ഡിഎംഇയും.പുതിയ ബിൽഡിംഗിന് 2016 ലെ കിഫ്ബി ഫണ്ടിൽ നിന്ന് അംഗീകാരം ലഭിച്ചു.
ബിൽഡിംഗിൽ നിന്ന് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ ബിൽഡിംഗ് പൂർണമായും അടച്ചിടുകയെന്ന് പറയണമായിരുന്നു. എല്ലാസേവനങ്ങളും നിർത്തി വയ്ക്കുക സാധ്യമായിരുന്നില്ലെന്നും അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. അവിടെ ഉണ്ടായിരുന്നവർ പറഞ്ഞത് കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ്. മന്ത്രി വന്നപ്പോൾ ഞാനാണ് അക്കാര്യം പറഞ്ഞത്. മിസിങ് വിവരം ലഭിച്ചത് പിന്നീടാണ്. അതിനു ശേഷമാണു വീണ്ടും തെരച്ചിൽ നടത്തിയത്. ആരെയും ഡിസ്ചാർജ് ചെയ്ത് പറഞ്ഞു വിട്ടിട്ടില്ല. അപകടം ഉണ്ടായ കെട്ടിടത്തിൽ നിന്ന് എല്ലാവരെയും മാറ്റിയെന്നും സൂപ്രണ്ട് പറഞ്ഞു.ശസ്ത്രക്രിയ വിഭാഗങ്ങൾ മാറ്റിയിട്ടുണ്ട്. 8 തിയറ്ററുകളിൽ രണ്ട് ഷി്ര്രഫുകളായി ശസ്ത്രക്രിയകൾ വേഗത്തിലാക്കും.
564 കോടി രൂപ അനുമതി പുതിയ കെട്ടിടത്തിന് കിട്ടിയെങ്കിലും കോവിഡ് കാരണം നടന്നില്ല. ശുചിമുറി ആളുകൾ ഉപയോഗിച്ചിരുന്നിരിക്കാം. 10 വാർഡിൽ ഉള്ളവരാണ് ഉപയോഗിച്ചത്. പൂർണ തോതിൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു. ഞാനാണ് അവിടെ ആദ്യം എത്തുന്നത്. അവിടെ കൂടി നിന്നവരോട് അന്വേഷിച്ചു. ആരും ഇല്ലന്ന് പറഞ്ഞു. ഫയർ ഫോഴ്സ്, പൊലീസ് എന്നിവർ ഉണ്ടായിരുന്നു. അടിയിൽ ആരും കാണാൻ സാധ്യതയില്ല എന്നാണ് എല്ലാവരും പറഞ്ഞത്. അതിനടിസ്ഥാനത്തിലാണ് ആരും ഇല്ലെന്ന് പറഞ്ഞത്. ഒരു കുട്ടിയുടെ അമ്മ മിസ്സിംഗ് ആണെന്ന് സംശയം പറഞ്ഞു. പിന്നെ കാഷ്വാലിറ്റിയിൽ അമ്മയെ കണ്ടെത്തി എന്നും പറഞ്ഞു. മിസ്സിംഗ് അറിയാൻ താമസിച്ചു. സംഭവം നടന്നത് രാവിലെ 10.50 നാണ്. 10.51ന് പൊലീസിനെയും 10.55ന് ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. 11.03 ന് ഫയർ ഫോഴ്സ് വന്നു. 15 മിനിറ്റ് കൊണ്ട് ഫയർഫോഴ്സ് എത്തി. ഈ സമയം കൊണ്ട് മൂന്നു വാർഡുകളിലെയും ആളുകളെ മാറ്റിയെന്നും സൂപ്രണ്ട് പറഞ്ഞു.