ഖാൻ യൂനിസ്: ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഡോക്ടറുടെ പത്ത് കുട്ടികളിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. നസ്സർ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. അലാ അൽ നജ്ജാറിന്റെ ഒൻപത് കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. മറ്റൊരു കുഞ്ഞും ഭർത്താവും ഗുരുതര പരിക്കുകളോടെ ബോംബാക്രമണത്തെ അതിജീവിച്ചു.
പരിക്കേറ്റ ഭർത്താവിനെ സന്ദർശിക്കുന്ന ഡോ. അലാ
കഴിഞ്ഞ കുറേ വർഷങ്ങളായി നസ്സർ ആശുപത്രിയിൽ ശിശുരോഗ വിദഗ്ധയായി ജോലി ചെയ്തുവരികയായിരുന്നു അലാ അൽ നജ്ജാർ. ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു അലാ ജോലിയിൽ പ്രവേശിച്ചത്. അലായെ ആശുപത്രിയിൽ എത്തിച്ചശേഷം ഭർത്താവ് ഹംദി തിരികെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നതെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം ഡയറക്ടർ ഡോ. മുനീർ അൽബോർഷ് എക്സിൽ കുറിച്ചു. അലായുടെ മൂത്ത കുട്ടിക്ക് പന്ത്രണ്ട് വയസ് മാത്രമാണ് പ്രായമെന്നും ഡോ. അൽബോർഷ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡോ. അലാത്തിന്റെ മകൻപരിക്കേറ്റ അലായുടെ പതിനൊന്നുവയസുള്ള മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസഹനീയമായ ക്രൂരതയെന്നായിരുന്നു യുദ്ധത്തെ അതിജീവിച്ച അലായുടെ മകനെ ആശുപത്രിയിൽ പരിചരിച്ച ബ്രിട്ടീഷ് സർജൻ ഗ്രയേം ഗ്രൂം പറഞ്ഞത്. വർഷങ്ങളായി ആശുപത്രിയിൽ കുഞ്ഞുങ്ങളെ പരിചരിച്ചുവരികയാണ് അലാ. ഒറ്റ മിസൈൽ ആക്രമണത്തിൽ അലായ്ക്ക് സ്വന്തം കുഞ്ഞുങ്ങളെയാണ് നഷ്ടപ്പെട്ടത്. ആക്രമണത്തിൽ അലായുടെ ഭർത്താവിന് തലയ്ക്കടക്കം സാരമായി പരിക്കേറ്റിട്ടുണ്ട്. അലായുടെ നിലവിലെ സാഹചര്യം വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്നും ഡോ. ഗ്രയേം ഗ്രൂമിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ബോംബാക്രമണത്തെ അതിജീവിച്ച അലാത്തിന്റെ ഏക മകൻഅതേസമയം, ഗാസയിൽ പട്ടിണിമരണം തുടർക്കഥയാകുകയാണ്. കുഞ്ഞുങ്ങളാണ് പട്ടിണിമരണത്തിന് ഇരകളാകുന്നതിൽ അധികവും. കഴിഞ്ഞ ദിവസം പട്ടണിമൂലം നാല് വയസുകാരനായ മൊഹമ്മദ് യാസിൻ അതിദാരുണമായി മരണപ്പെട്ടു. ഗാസയിൽ 70,000 കുട്ടികൾ പട്ടിമൂലം മരണപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം നൽകുന്ന മുന്നറിയിപ്പ്. അതിനിടെ ഗാസയിലേക്കുള്ള യുഎഇയുടെ ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്രയേൽ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവം എന്നാണ് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാസയിൽ പ്രവേശിച്ച 24 ട്രക്കുകളിൽ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഗാസയിൽ ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ ഇസ്രയേലും യുഎഇയും കഴിഞ്ഞ ദിവസം ധാരണയിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗാസയിലേക്ക് അയച്ച ട്രക്കുകളാണ് കൊള്ളയടിക്കപ്പെട്ടത്.