തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് ഇന്ന് നാലുവർഷം പൂർത്തിയാകുന്നു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ചുള്ള പ്രചാരണ പരിപാടികൾ എൽഡിഎഫ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
മൂന്നാം തുടർഭരണം എന്ന മുദ്രാവാക്യമുയർത്തിയാണ് ഇടതുമുന്നണിയുടെ പ്രചാരണം മുഴുവൻ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിനെ നയിക്കുക. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിങ്ങും, ദേശീയപാത വികസനവും ആണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട പ്രചാരണ അജണ്ട.
ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നതും, ലൈഫ് മിഷനിലെ വീടുകളും, അതിദാരിദ്ര്യ നിർമാർജനവും എല്ലാം പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് ഉയർത്തുന്നുണ്ട്. കഴിഞ്ഞ നാലു വർഷങ്ങൾക്കിടെ വിവാദങ്ങൾക്ക് ഒട്ടും കുറവുണ്ടായിട്ടില്ലങ്കിലും, അതിനൊന്നും ഇടതുമുന്നണി ഇപ്പോൾ ചെവി കൊടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട തുടർച്ചയായി വിവാദങ്ങളിൽ എൽഡിഎഫിലെ ചില ഘടകകക്ഷികൾക്ക് അതൃപ്തി ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് വർഷമായതുകൊണ്ട് ഇവരെല്ലാം മൗനം പാലിക്കുകയാണ്.