കൊല്ലം: വിഷു എത്തിയതോടെ അടുക്കളയിൽ ആശ്വാസം പകർന്ന് പച്ചക്കറി വിലയിൽ കുറവ്. പ്രധാന പച്ചക്കറി ഇനങ്ങൾക്കെല്ലാം രണ്ടാഴ്ചയായി വിപണിയിൽ വില കുറഞ്ഞ് നിൽക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ ഉത്പാദത്തിലുണ്ടായ വർദ്ധനവാണ് വില താഴാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ബീൻസിനും പയറിനുമാണ് താരതമ്യേന വില കൂടിയത്. കിലോയ്ക്ക് 50 ആയിരുന്നു പയറിന് 80 രൂപയും 60 ആയിരുന്ന ബീൻസിന് 85 രൂപയുമാണ് ഹോൾസെയിൽ വില. കിലോയ്ക്ക് 35 ആയിരുന്ന തക്കാളിക്ക് 30 രൂപയായി കുറഞ്ഞു. മാസങ്ങളായി കത്തിക്കയറി കൊണ്ടിരുന്ന വെളുത്തുള്ളി വില 100 ലേക്ക് ഇടിഞ്ഞു. ക്യാബേജ്, മുരിങ്ങയ്ക്ക, സവാള എന്നിവയ്ക്ക് വിലയിൽ മാറ്റമില്ല. വിഷു പ്രമാണിച്ച് കണിവെള്ളരിയുടെയും മത്തന്റെയും ഡിമാൻഡ് കൂടി. കണിവെള്ളരിക്ക് കിലോയ്ക്ക് 30 ഉം കണിമത്തന് കിലോയ്ക്ക് 35 ഉം ആണ് ഹോൾസെയിൽ വില. കോയമ്പത്തൂർ, പാവൂർ സത്രം, തിരുനെൽവേലി, മൈസൂർ, മേട്ടുപ്പാളയം, അലൻകുളം, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേയ്ക്ക് പച്ചക്കറി എത്തുന്നത്.
കത്തിക്കയറി വെളിച്ചെണ്ണ
കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ച് വെളിച്ചെണ്ണ വില വർദ്ധിക്കുകയാണ്. ലിറ്ററിന് 250- 280 രൂപ വരെ ഉണ്ടായിരുന്ന വില ഇപ്പോൾ 290- 300 രൂപയിലെത്തി. വിവിധ കമ്പനികൾ പല വിലയാണ് ഈടാക്കുന്നത്. ചില്ലറ വില്പന ഒരു ലിറ്ററിന് 280 മുതലാണ് ഈടാക്കുന്നത്. ഉത്പാദനക്കുറവും തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ തേങ്ങ വിലയും ഉയർന്നുതന്നെയാണ്. 68 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ തേങ്ങയുടെ മൊത്ത വില. 75-80 രൂപയാണ് ചില്ലറ വിൽപ്പന വില. പൊള്ളാച്ചി, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലെ മാർക്കറ്റുകളിൽ പ്രധാനമായും തേങ്ങ എത്തുന്നത്. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നും ജില്ലയിലേക്ക് തേങ്ങ എത്തുന്നുണ്ട്.