കല്പറ്റ: വയനാട്ടിലെ വിവിധ ആദിവാസി ഊരുകളില്‍ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനി മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണം നടത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് അന്വേഷണ ചുമതല.
വയനാട് തലപ്പുഴ ഗവണ്മെന്റ് എന്‍ജിനിയറിങ് കോളജില്‍ നടന്ന ഒരു സെമിനാറിനെ തുടര്‍ന്ന് അമേരിക്കന്‍ സ്ഥാപനമായ ബയോമെഡിക്കല്‍ ലാബ് ആണ് ആദിവാസി ഊരുകളില്‍ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണം നടത്തിയത്.
മാര്‍ച്ച് 20 മുതല്‍ 22 വരെ ‘ഉദ്യമ’ എന്ന പേരിലായിരുന്നു സെമിനാര്‍. ഇതിന് പിന്നാലെയാണ് സ്ത്രീകളിലെ ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഡിവൈസിന്റെ പരീക്ഷണം എന്ന തരത്തില്‍ പരിപാടി സംഘടിപ്പിച്ചത്.
വിരലില്‍ അണിയാവുന്ന ഇലക്ട്രോണിക് ഉപകരണം ആര്‍ത്തവ ചക്രത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. ആദിവാസി ഊരുകളില്‍ ഉപകരണത്തിന്റെ പരീക്ഷണം നടത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്നാണ് സൂചന