ക്ഷേമപെൻഷൻ ഇത്തവണ കൂട്ടില്ലെന്ന് ധനമന്ത്രി. ക്ഷേമപെൻഷൻ കുടിശിക കൊടുത്തു തീർക്കുമെന്ന് മന്ത്രി സംസ്ഥാന ബജറ്റ് അവതരണത്തിൽ പറഞ്ഞു. സംസ്ഥാന ബജറ്റിൽ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപയും നീക്കിവെച്ചു.എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക തീർത്തുവെന്ന് ധനമന്ത്രി അറിയിച്ചു. അടുത്ത ഗഡുവിന് പണം നീക്കിവച്ചതായും അദ്ദേഹം അറിയിച്ചു. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി നീക്കിവച്ചു.
എംടി പഠനകേന്ദ്രം സ്ഥാപിക്കും: അഞ്ച് കോടി അനുവദിച്ചു
എംടി വാസുദേവൻ നായരുടെ സ്മരണക്കായി തിരൂർ തുഞ്ചൻ പറമ്പിൽ എംടി പഠനകേന്ദ്രം സ്ഥാപിക്കും. ഇതിനായി അഞ്ചുകോടി രൂപ ബജറ്റിൽ അനുവദിച്ചു.വൈക്കം സ്മാരകത്തിന് അഞ്ച് കോടി അനുവദിച്ചു.
വിഴിഞ്ഞം ത്രികോണ വികസനപദ്ധതിക്കായി 1000 കോടി
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ഇടനാഴിക്കായി 1000 കോടി രൂപ നീക്കിവച്ചു. തീരദേശ ഹൈവേ വികസനം ഉറപ്പാക്കുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി പ്രയോജനപ്പെടുത്തുന്നതിന് അഞ്ചു കോടി അനുവദിച്ചു
സംസ്ഥാനം കടന്നുപോയത് എല്ലാം നിലച്ചുപോകുന്ന ഘട്ടത്തിലൂടെയായിരുന്നുവെന്നും ആ ഘട്ടം നമ്മൾ മറികടന്നെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിൻറ ആമുഖമായാണ് ധനമന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.