കുന്നത്തൂര്‍: സിനിമാപറമ്പില്‍ വീടിനോട് ചേര്‍ന്ന കൂട്ടില്‍ കയറി ഒരു ലക്ഷം രൂപ വിലയുള്ള വിദേശ ഇനം വളര്‍ത്തു പക്ഷിയെയും കുഞ്ഞുങ്ങളെയും അകത്താക്കിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. സിനിമാപറമ്പ് എ.എസ് സ്ഥാപനങ്ങളുടെ ഉടമകളും പോരുവഴി കമ്പലടി സ്വദേശികളുമായ അജി- ഷാനവാസ് സഹോദരന്മാരുടെ വീട്ടിലാണ് സംഭവം. വീടിന്റെ മുന്‍വശത്ത് തയ്യാറാക്കിയ ഷീറ്റിട്ട കെട്ടിടത്തില്‍ നെറ്റ് വിരിച്ച് വിദേശ ഇനത്തില്‍പ്പെട്ട നിരവധി പക്ഷികളെ ഇവര്‍ വളര്‍ത്തുന്നുണ്ട്. ഇന്നലെ രാവിലെ 11 ഓടെ തടികൊണ്ട് തീര്‍ത്ത ചെറിയ കൂട്ടില്‍ മുട്ട ഉണ്ടോയെന്നറിയാന്‍ കയ്യിടാന്‍ ഒരുങ്ങവേ ഉടമ ഷാനവാസിന് എന്തോ പന്തികേട് തോന്നി.പെട്ടെന്ന് കൈ വലിച്ച ശേഷം നോക്കുമ്പോഴാണ് വലിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ ഇദ്ദേഹം രക്ഷപ്പെട്ടത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ അംഗമായ തൃശൂര്‍ സ്വദേശിയും മൈനാഗപ്പള്ളിയില്‍ താമസക്കാരനുമായ കുട്ടപ്പന് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 8 അടിയിലധികം നീളവും 4 വയസ് പ്രായവും തോന്നിക്കുന്ന കൊടും അപകടകാരിയായ മൂര്‍ഖനെയാണ് പിടികൂടിയത്.പിടികൂടിയ പാമ്പിനെ കോന്നി വനം വകുപ്പിന് പിന്നീട് കൈമാറി.