ആലപ്പുഴ: ദേശീയപാതയിൽ കളർകോട് ഭാഗത്ത് കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹന ഉടമയെ ചോദ്യം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികൾ ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. വാഹനം വാടകക്ക് നൽകാനുള്ള ലെെസൻസ് വാഹന ഉടമയ്ക്ക് ഇല്ല. വാടകയ്ക്ക് നൽകിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചു. ഉടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
‘ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് വാഹനം നൽകിയത്’; കാർ ഉടമയെ ചോദ്യം ചെയ്യുമെന്ന് എംവിഡി

Tuesday 03 December, 2024 | 2:45 PM

ആലപ്പുഴ: ദേശീയപാതയിൽ കളർകോട് ഭാഗത്ത് കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹന ഉടമയെ ചോദ്യം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികൾ ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. വാഹനം വാടകക്ക് നൽകാനുള്ള ലെെസൻസ് വാഹന ഉടമയ്ക്ക് ഇല്ല. വാടകയ്ക്ക് നൽകിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചു. ഉടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
2010 രജിസ്ട്രേഷനാണ് വാഹനം. വാഹനത്തിന്റെ പേപ്പറുകളുടെ കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. റെന്റ് എ കാർ അല്ലെങ്കിൽ റെന്റ് എ കാബ് എന്ന തരത്തിലുള്ള ലെെസൻസ് വാഹനത്തിനില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് വാഹനം നൽകിയതെന്ന കാര്യത്തിൽ കാർ ഉടമ വ്യക്തത വരുത്തണം.
അമ്പലപ്പുഴ കക്കാഴം സ്വദേശിയുടെതാണ് കാറ്. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം വിട്ടുനൽകിയതെന്നെന്നാണ് ഇദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാറാണ് കാറിനായി ബന്ധപ്പെട്ടത്. ജബ്ബാറും മറ്റ് രണ്ട് വിദ്യാർത്ഥികളും ചേർന്നാണ് കാർ കൊണ്ടുപോയതെന്നും ഉടമ പറഞ്ഞു.
ഇന്നലെ രാത്രി 9.30 ഓടെ കളർകോട് ചങ്ങനാശേരി മുക്കിലായിരുന്നു അപകടം ഉണ്ടായത്. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറുമാണ് കൂട്ടിയിടിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്.