തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണുര്‍ മുന്‍ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത് ഉപാധികളോടെ.
പതിനൊന്ന് ദിവസമായി റിമാന്റില്‍ ആയിരുന്ന ദിവ്യയ്ക്ക് വലിയ ആശ്വസം നല്‍കുന്നതാണ് കോടതിവിധി. ഒറ്റവാക്കിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും ഇനിയും ഏറെ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന് വ്യക്തമാക്കിയത്. ചാരത്തിനടിയില്‍ സത്യം കനല്ക്കട്ടപോലെ കിടപ്പുണ്ടെന്നായിരുന്നു പറഞ്ഞത്. രണ്ടുപേരുടെ ആള്‍ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ജില്ല വിടാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥ.
ജാമ്യം കിട്ടിയതിന് പിന്നാലെ ദിവ്യയെ പിന്തുണച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി രംഗത്ത് വന്നു. ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം. അവള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ട്. മനപ്പൂര്‍വ്വം അല്ലാത്ത നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ ജാഗ്രതയുണ്ടായിരുന്നില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹന്‍ പ്രതികരിച്ചു.
ഇന്നലെ ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മറ്റി ദിവ്യയ്ക്കെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനം എടുത്തിരുന്നു. ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. ദിവ്യയുടെ ഭാഗം കൂടി കേട്ടതിനു ശേഷം നടപടി മതിയെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷം പേരും സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി. സമ്മേളന കാലയളവില്‍ സിപിഐഎമ്മില്‍ ഇത്തരം അസാധാരണ നടപടി അപൂര്‍വമാണ്.