തിരുവനന്തപുരം: സിവിൽ പൊലിസ് പരിശീലനത്തിനായി 1200 താൽകാലിക തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവ്. പൊലിസിലെ അംഗ ബലം വർധിപ്പിക്കണമെന്ന ഡി.ജി.പിയുടെ റിപ്പോർട്ട് പരിശോധിച്ചാണ് 1200 താൽക്കാലിക തസ്തികകൾക്ക് അനുമതി നൽകിയത്.
അടുത്ത വർഷം ജൂൺ വരെയുണ്ടാകുന്ന വിരമിക്കൽ ഒഴിവുകൾ കണക്കാക്കിയാണ് പുതിയ ഉത്തരവ്. ഓരോ ജില്ലകളിലുമുണ്ടാകുന്ന ഒഴിവുകളുടെ നിശ്ചിത ശതമാനം വനിതാ സിവിൽ പൊലിസ് ഉദ്യോഗസ്ഥർക്കായി മാറ്റിവയ്ക്കും. പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് ഒഴിവുകളിലേക്ക് നിയമനം നൽകും.
സിവിൽ പൊലിസ് ഓഫിസർ തസ്തികയിലെ നിലവിലെ ഒഴിവുകൾ കണക്കാക്കുമ്പോൾ വരുന്ന ഒരോ ഒമ്പത് ഒഴിവുകളും ജില്ലയുടെ ഫീഡർ ബറ്റാലിയൻ പൊലിസ് കോൺസ്റ്റബിൾ നിയമനത്തിനും പത്താമത്തെ ഒഴിവ് സ്റ്റേറ്റ് വൈഡ് പി.എസ്.സി ലിസ്റ്റിൽ നിന്നുള്ള വനിത പൊലിസ് കോൺസ്റ്റബിൽ നിയമനത്തിനും മാറ്റിവയ്ക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.
പുറമെയാണ് പൊലിസ് കോൺസ്റ്റബിൾ പരിശീലനത്തിനായി 1200 താൽക്കാലിക റിക്രൂട്ട്മെന്റ് ട്രെയിനി പൊലിസ് കോൺസ്റ്റബിൾ (ആർ.ടി.പി.സി) തസ്തികകൾ ജൂലൈ ഒന്ന് മുതൽ ഒരു വർഷം പ്രാബല്യത്തിൽ ഉത്തരവിറക്കിയത്. സിവിൽ പൊലിസ് റാങ്ക് പട്ടിക നിലവിൽ വന്ന് ആറുമാസം കഴിഞ്ഞിട്ടും സാമ്പത്തിക പ്രതിസന്ധിയും ഒഴിവുകളില്ലാത്തതും ചൂണ്ടിക്കാട്ടി ഒരു ഒഴിവുപോലും സർക്കാർ റിപ്പോർട്ട് ചെയ്തിരുന്നില്ല.