തിരുവനന്തപുരം: വാഹനാപകടത്തിൽ പൊതുസമൂഹത്തോട് പരസ്യമായി ക്ഷമ ചോദിച്ച് നടൻ ബൈജു. നിയമങ്ങൾ പാലിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് പറഞ്ഞ ബൈജു മാദ്ധ്യമങ്ങളോട് ക്ഷോഭിച്ചതിനും ക്ഷമ ചോദിച്ചു. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലാണ് താരം സംഭവത്തിൽ ക്ഷമാപണം നടത്തിയത്.
ഞായറാഴ്ച നടന്ന വാഹന അപകടവുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിദ്ധാരണകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. പൊലീസുകാർ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് അവർ നിയമപരമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി. മാദ്ധ്യമ പ്രവർത്തകരോടും നടൻ ക്ഷമാപണം നടത്തി. പ്രകോപനപരമായി വീഡിയോ എടുക്കാൻ ശ്രമിച്ചതാണ് കാരണമെന്നും ബൈജു പറഞ്ഞു.
നിയമങ്ങൾ അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് വ്യക്തമാക്കിയ ബൈജു തന്റെ ഭാഗത്ത് നിന്നുണ്ടായ മോശപ്പെട്ട പെരുമാറ്റത്തിന് പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചു. ഒക്ടോബർ 4 അർധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലത്തുവച്ച് അപകടം നടന്നത്. മദ്യലഹരിയിൽ നടൻ ബൈജു ഓടിച്ച കാർ ഒരു സ്കൂട്ടർ യാത്രക്കാരാനെ ഇടിച്ച് തെറിപ്പിക്കുകയും തുടർന്ന് വൈദ്യുത പോസ്റ്റിലുമിടിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗത്തിനും മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തിരുന്നു