ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ പ്രയാഗ്രാജ്-വാരാണസി ഹൈവേയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന ട്രാക്ടറിൽ ട്രക്ക് ഇടിച്ച് പത്തുപേർ മരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. തൊഴിലാളികളെ കയറ്റികൊണ്ടിരുന്ന ട്രാക്ടർ ട്രോളിയിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ തൊഴിലാളികൾ പണികഴിഞ്ഞ് മടങ്ങവെയാണ് അപകടം. പരുക്കേറ്റ മൂന്നു പേരെ ഐ.ഐ.ടി-ബി.എച്ച്.യുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
