തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായി വിശാഖപട്ടണത്തു കണ്ടെത്തിയ ആസാം പെൺകുട്ടിക്കു ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസം നല്കാൻ നീക്കം. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തുനിന്നു തിരികെ തിരുവനന്തപുരത്തെത്തിച്ച കുട്ടി ഇപ്പോൾ സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ്.
മാതാപിതാക്കളോടൊപ്പം കഴക്കൂട്ടത്തെ വീട്ടിൽ തിരികെ പോകാൻ കുട്ടി താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നു ചെയർപേഴ്സണ്‍ ഷാനിബ ബീഗം പറഞ്ഞു. തിരുവനന്തപുരത്തെ ത്തിച്ച കുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഷെൽട്ടറിലേക്കു മാറ്റി.
തുടർന്ന് ഇന്നലെ കുട്ടിയ്ക്ക് കൗണ്‍സലിംഗ് ആരംഭിച്ചു. കൗണ്‍സലിംഗ് പൂർത്തിയാക്കിയ ശേഷം കുട്ടിയുമായി വീണ്ടും സിഡബ്ല്യുസി അധികൃതർ സംസാരിക്കും. കുട്ടിയുടെ നിലപാട് അറിഞ്ഞ ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ.
മാതാപിതാക്കൾക്കും കൗണ്‍സലിംഗ് നല്‍കും. കുട്ടിയുടെ പൂർണസംരക്ഷണം ഏറ്റെടുക്കാനാണു കമ്മിറ്റിയുടെ തീരുമാനം.