ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ബ്ലഡ് മണി സമാഹരിക്കാൻ പൊതുജനസഹായം തേടി അമ്മ പ്രേമകുമാരി.
2017 ല്‍ യെമനി പൗരൻ തലാല്‍ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. യെമനില്‍ നിന്ന് പാലക്കാട്ടെ മാധ്യമപ്രവർത്തകരുമായി വീഡിയോ കോണ്‍ഫറൻസില്‍ സംസാരിക്കുമ്ബോഴാണ് പ്രേമകുമാരി അടിയന്തര ധനസമാഹരണ സഹായം തേടിയത്.
കഴിഞ്ഞ വർഷം നവംബറില്‍ നിമിഷപ്രിയയുടെ അപ്പീല്‍ തള്ളിയ യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഉടൻ തന്നെ അന്തിമ നടപടി സ്വീകരിക്കുമെന്നാണ് പ്രേമകുമാരിയുടെ ആശങ്ക. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കുക മാത്രമാണ് പോംവഴിയെന്നും അവർ പറഞ്ഞു.
സേവ് നിമിഷപ്രിയ ഇന്റർനാഷണല്‍ ആക്ഷൻ കൗണ്‍സിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളും വർഷങ്ങളായി നടത്തുന്ന ശ്രമഫലമായാണ് ജിബൂട്ടിയിലെ ഇന്ത്യൻ ഏംബസി യെമനിയായ ഒരാളെ അഭിഭാഷകനായി നിയോഗിച്ചത്. യെമനി ഗോത്ര നിയമപ്രകാരം ഗോത്രതലവന്മാർക്ക് മാത്രമേ തലാല്‍ മെഹ്ദിയുടെ കുടുംബവുമായി മധ്യസ്ഥ ചർച്ച നടത്താൻ കഴിയൂ.
ഇന്ത്യയ്ക്ക് യെമനില്‍ നയതന്ത്രപ്രതിനിധികള്‍ ഇല്ലാത്തത് കാരണം തലാല്‍ മെഹ്ദിയുടെ കുടുംബവുമായി നേരിട്ട് മധ്യസ്ഥ ചർച്ച നടത്താൻ കഴിയില്ല. അതുകൊണ്ട് മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാകുന്ന ഗോത്രത്തലവന്മാരെ കണ്ടെത്തുകയാണ് ജിബൂട്ടി ഏംബസി ചുമതലപ്പെടുത്തിയ യെമനി അഭിഭാഷകന്റെ ചുമതല.
നിമിഷ പ്രിയയുടെ മോചനത്തിന് ആക്ഷൻ കൗണ്‍സില്‍ ഫണ്ട് ശേഖരണത്തിനിറങ്ങി. യെമനിലെ മധ്യസ്ഥ ശ്രമത്തിലൂടെ മോചനം സാധ്യമാക്കുകയാണ് ലക്ഷ്യം. നെന്മാറ എംഎല്‍എ കെ.ബാബുവിന്റെ നേതൃത്വത്തില്‍ മൂന്ന് കോടിയുടെ ബ്ലഡ് മണി കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി സേവ് നിമിഷപ്രിയ ഇന്റർനാഷനല്‍ ആക്ഷൻ കൗണ്‍സിലിന്റെ ഭാരവാഹികളായ എ.കെ.മൂസ, കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവർ അറിയിച്ചു. മകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കണമെന്നു യെമനില്‍ തുടരുന്ന പ്രേമകുമാരിയും ആക്ഷൻ കൗണ്‍സിലിനെ സഹായിക്കുന്ന സാമുവല്‍ ജെറോമും ആവശ്യപ്പെട്ടു.
ബ്ലഡ് മണി മൂന്നുകോടിയോളം വേണ്ടി വരുമെന്നാണ് ആക്ഷൻ കൗണ്‍സില്‍ അംഗങ്ങള്‍ കണക്കാക്കുന്നത്. ഗോത്രത്തലവന്മാരുമായി ആശയവിനിമയം നടത്താൻ അടിയന്തരമായി 25 ലക്ഷവും, അവർ വഴി മാപ്പപേക്ഷ നല്കാൻ മറ്റൊരു 25 ലക്ഷവും ഉടനടി വേണ്ടി വരും. അതായത് മധ്യസ്ഥ ചർച്ച തുടങ്ങി വയ്ക്കാൻ തന്നെ 50 ലക്ഷം വേണ്ടി വരും. ഈ തുക സമാഹരിക്കാനാണ് പൊതുജന സഹായം തേടിയത്. യമനിലെ ഗോത്രരീതി അനുസരിച്ച് ഗോത്ര തലവന്മാരും പണ്ഡിത സഭയ്ക്കും മാത്രമേ കുടുംബവുമായി സന്ധി സംഭാഷണത്തിന് കഴിയൂ. ഇതിന്റെ രണ്ടു ഘട്ടങ്ങളിലേക്കാണ് മൂന്ന് കോടി വേണ്ടത്. 500 രൂപ വച്ച് ഫണ്ട് നല്കി 60,000 പേർ സഹായിച്ചാല്‍ വളരെ വേഗത്തില്‍ 3 കോടി കണ്ടെത്താൻ കഴിയുമെന്നും ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
തലാല്‍ മെഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും അതിനുള്ള സാധ്യതകള്‍ തെളിയുമെന്നാണ് പ്രതീക്ഷ. മകളെ കാണാനും ജയില്‍ മോചനം സാധ്യമാക്കാനും യെമൻ തലസ്ഥാനമായ സനയിലേക്ക് പ്രേമകുമാരി ഏപ്രിലിലാണ് പോയത്.
അക്കൗണ്ട് വിവരങ്ങള്‍:
പേര്: SAVE NIMISHAPRIYA INTERNATIONAL ACTION COUNCIL
കറണ്ട് അക്കൗണ്ട് നമ്ബർ: 00000040847370877. IFSC Code: SBIN0000893, SBI PALAKKAD.