കൊല്ലം : കൊട്ടാരക്കരയിൽ പുതിയ സ്പെഷ്യൽ സബ് ജയിൽ വരുന്നു. ഇ.ടി.സിയിൽ രണ്ടേക്കർ ഭൂമി ഇതിനായി അനുവദിക്കും. നിലവിൽ കൊട്ടാരക്കരയിലുള്ള ജയിൽ സബ് ജയിലായി തുടർന്നുകൊണ്ടാകും പുതിയ സംവിധാനമൊരുക്കുക. മന്ത്രി കെ. എൻ. ബാലഗോപാലിന്റെ നിർദ്ദേശപ്രകാരം ജയിൽ വകുപ്പ് അധികൃതർ ഇ.ടി.സിയിലെ ഭൂമി സന്ദർശിച്ചു വിലയിരുത്തി. തഹസീൽദാർ പി. ശുഭന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഇവിടെയൊരുക്കുക. അതീവ സുരക്ഷ വേണ്ട കുറ്റവാളികളെ ഉൾപ്പടെ പാർപ്പിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളുമൊരുക്കും. ജില്ലയിലെ വിവിധ കോടതികളിൽ നിന്നും റിമാൻഡ്, ശിക്ഷ വിധിക്കപ്പെട്ടവരെ കൊട്ടാരക്കരയിലെ പുതിയ സ്പെഷ്യൽ സബ് ജയിലിൽ പാർപ്പിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
നിലവിലുള്ള ജയിൽ തുടരും
1959ൽ സ്ഥാപിച്ചതാണ് കൊട്ടാരക്കരയിലെ സബ് ജയിൽ. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്തായി കെ. ഐ. പി കോമ്പൗണ്ടിനോട് ചേർന്നാണ് ജയിൽ സ്ഥിതി ചെയ്യുന്നത്. അറുപത് സെന്റ് ഭൂമിയാണ് ഇവിടെ ജയിലിനായുള്ളത്. ഇതിൽ അന്ന് സ്ഥാപിച്ച കെട്ടിടമാണുള്ളത്. അടുത്തകാലത്ത് ഓഫീസ് സംവിധാനങ്ങൾക്കും മറ്റുമായി രണ്ടുനില കെട്ടിടം നിർമ്മിച്ചു. ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി. എന്നാൽ ഇവിടേക്ക് എത്തുന്ന കുറ്റവാളികളുടെ എണ്ണം കൂടുതലാണ്. 98 പുരുഷൻമാരെയും 4 സ്ത്രീകളെയും പാർപ്പിക്കാനുള്ള സൗകര്യമാണ് കൊട്ടാരക്കര ജയിലിന് ഉള്ളത്. എന്നാൽ ഇവിടെ നിലവിൽ പാർപ്പിച്ചിട്ടുള്ളത് 230 പേരെയാണ്. ഇരട്ടിയിലധികം ആളുകൾ താമസിക്കുന്നതിന്റേതായ ബുദ്ധിമുട്ടുകൾ ഏറെയാണ്. നാല് സെല്ലുകളും 12 ബാരക്കുകളുമാണുള്ളത്. 2013ൽ സ്പെഷ്യൽ സബ് ജയിൽ എന്ന നിലയിലേക്ക് അപ്ഗ്രേഡ് ചെയ്തുവെങ്കിലും സ്ഥല പരിമിതിമൂലം വികസന പ്രവർത്തനങ്ങൾ നടത്താനായില്ല.
വനിതകളെ മാറ്റി
നാല് വനിതകളെ പാർപ്പിക്കാനാണ് കൊട്ടാരക്കര ജയിലിൽ നിലവിൽ സൗകര്യമുള്ളത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ സൗകര്യവും അടച്ചിട്ടിരിക്കുയാണ്. ഇവിടെയുണ്ടായിരുന്ന വനിതകളെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.