കൊട്ടാരക്കര : ശബരിമല കർമ്മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ കൊട്ടാരക്കരയിൽ വ്യാപക അക്രമം .കൊട്ടാരക്കര നെടുവത്തൂർ ചാലൂക്കോണത്ത് വിധവയേയും മകനെയും ഒരു സംഘം ബി. ജെ. പി പ്രവർത്തകർ വീട് കയറി ആക്രമിച്ചു. വനിതാ മതിലിൽ പങ്കെടുത്തതിന്റെ വൈരാഗ്യം മൂലമാണ് ആക്രമണം. ചാലുകോണം എസ്. ആർ. നിവാസിൽ രമാദേവി (51), മകൻ സുരേഷ് എസ് (28) എന്നിവർക്കാണ് മർദ്ദനമേറ്റത്. മർദ്ദനമേറ്റ ഇവർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
വീടിനോട് ചേർന്ന് പലചരക്ക് കടയും തയ്യൽ കടയും നടത്തുന്ന രമാ ദേവി പതിവ് പോലെ രാവിലെ കട തുറന്നിരുന്നു. ഹർത്താൽ അനുകൂലികൾ കടയിലെത്തി കടയടക്കണമെന്ന് ആവശ്യപ്പെട്ടു.ഉച്ചയോടെ ഇവർ വീണ്ടും വരികയും വീടിനു പുറത്ത് നിന്നിരുന്ന രമാദേവിയേയും മകനേയും മർദ്ദിക്കുകയും കടയിലെ സാധനങ്ങൾ അടിച്ച് നശിപ്പിക്കുകയും ചെയ്യുകയായിരുന്നെന്ന് രമാദേവി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിടന്നു. ശബരിമല കർമ്മ സമിതി പ്രവർത്തകർ കൊട്ടാരക്കര ടൗണിൽ പ്രകടനം നടത്തി.നഗരത്തിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പ്രകടനം നഗരം ചുറ്റി മണിക്കണ്ഡൻ ആൽത്തറയിൽ സമാപിച്ചു. വ്യപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ കടകൾ തുറക്കുവാൻ തീരുമാനിച്ചെങ്കിലും സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വ്യാപാരികൾ പിന്മാറുകയായിരുന്നു.