കൊട്ടാരക്കര : ശ്രീനാരായണ ഗുരുദേവന്റെ 169-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയൻ നടത്തിയ ഘോഷയാത്ര പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. യൂണിയനിലെ 92 ശാഖകളിൽ നിന്നുമായി പതിനായിരങ്ങളാണ് കൊട്ടാരക്കര പട്ടണത്തിൽ നടന്ന ഘോഷയാത്രയിൽ പങ്കെടുത്തത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ പങ്കാളിത്തം കൂടുതൽ ശ്രദ്ധേയമായി. അലങ്കരിച്ച വാഹനങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, ശ്രീനാരായണ ഗുരുദേവ വിഗ്രഹങ്ങളുള്ള രഥങ്ങൾ, മയിലാട്ടം, പൂക്കാവടി, മുത്തുക്കുടകൾ തുടങ്ങി ക്ഷേത്രഉത്സവ ഘോഷയാത്രയ്ക്കുള്ളതെല്ലാം ജയന്തി ഘോഷയാത്രയിലും അണിനിരന്നു.
പാതയോരങ്ങളിൽ വൻ ജനാവലിയാണ് ഘോഷയാത്ര വീക്ഷിക്കാനെത്തിയത്. റെയിൽവേ സ്റ്റേഷൻ കവലയിൽ നിന്നും ആരംഭിച്ച ജയന്തി ഘോഷയാത്ര കച്ചേരിമുക്ക്, ചന്തമുക്ക് വഴി പുലമൺ ജംഗ്ഷൻ ചുറ്റി തിരികെ ചന്തമുക്ക് വഴി യൂണിയൻ ആസ്ഥാന മന്ദിരത്തിലെത്തിച്ചേർന്നു. തുടർന്നുനടന്ന ജയന്തി സമ്മേളനം ആഘോഷ കമ്മിറ്റി ചെയർമാനും ചലച്ചിത്ര നിർമ്മാതാവുമായ വിനായക എസ്.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചലച്ചിത്ര നടൻ അജു വർഗീസ് മുഖ്യ അതിഥിയായി. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, മുൻ യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, ബോർഡ് മെമ്പർമാരായ അഡ്വ.പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, ആനക്കോട്ടൂർ അനിൽകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർമാർ, ട്രസ്റ്റ് ബോർഡ് മെമ്പർമാർ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം നേതാക്കൾ, ശാഖാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഘോഷയാത്രയിൽ കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച ശാഖകൾക്ക്, നിശ്ചല ദൃശ്യങ്ങളടക്കം വിവിധ മികവുകൾക്ക് കാറ്റഗറി അടാസ്ഥാനത്തിൽ സമ്മാനങ്ങൾ ഏർപ്പെടുത്തിയത് നടൻ അജു വർഗീസ് വിതരണം ചെയ്തു.