കൊട്ടാരക്കര : എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 169-ാം തിരുജയന്തി ആഘോഷം വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 6ന് രാവിലെ ശിവഗിരി മഹാസമാധിയിൽ നിന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ദിവ്യപ്രഭ പകർന്നുകൊടുക്കും. തുടർന്ന് ദിവ്യപ്രഭാ പ്രയാണവും ഗുരുദേവ ജയന്തി വിളംബര രഥയാത്രയും 9 വരെയുള്ള ദിവസങ്ങളിലായി യൂണിയനിലെ 92 ശാഖകളിലുമെത്തും. ശാഖാകേന്ദ്രങ്ങളിൽ ദിവ്യപ്രഭാ പ്രയാണത്തിന് സ്വീകരണം നൽകും. ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദ ഓരോ ശാഖാ ഗുരുക്ഷേത്രങ്ങളിലും നടക്കുന്ന ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തും. 9ന് വൈകിട്ട് 4.30ന് കൊട്ടാരക്കര യൂണിയൻ മന്ദിരത്തിലെ ഗുരുക്ഷേത്രത്തിലെ നിലവിളക്കിൽ ദിവ്യജ്യോതി ലയിപ്പിക്കും. 31ന് ചതയദിനത്തിൽ യൂണിയന്റെ നേതൃത്വത്തിൽ കൊട്ടാരക്കര പട്ടണത്തിൽ ഗുരുദേവ ജയന്തി ഘോഷയാത്രയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്ര സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.പി.അരുൾ, വൈസ് പ്രസിഡന്റ് എം.എൻ.നടരാജൻ, സംഘാടക സമിതി പബ്ളിസിറ്റി-ഫിനാൻസ് കമ്മിറ്റി ചെയർമാൻ വിനായക.എസ്.അജിത് കുമാർ, എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ എന്നിവർ പങ്കെടുത്തു.
