ശാസ്താംകോട്ട : ലോക്കപ്പ് മർദനക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഹാജരാകാൻ കോടതിയുടെ നിർദ്ദേശം. ശാസ്താംകോട്ട മനക്കര അനീഷ് ഭവനിൽ അനീഷിനെ(33) നിയമ വിരുദ്ധമായി കസ്റ്റഡിയിൽ എടുത്തു മർദിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ കുരുമുളക് ലായനി സ്പ്രേ ചെയ്തു പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ശാസ്താംകോട്ട മുൻ സി ഐ എ. അനൂപ്, എസ് ഐ കെ എച്ച് ഷാനവാസ്, സീനീയർ സിവിൽ പൊലീസ് ഓഫീസർ അനീഷ് എന്നിവർ 31 നു കോടതിയിൽ ഹാജരാകണമെന്നാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അനിൽ കുമാറിൻ്റെ ഉത്തരവ്. കഴിഞ്ഞ മാർച്ച് 27 നു പകൽ 10 മണിയോടു കൂടി സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് ബൈക്ക് റോഡിൻ്റെ വശത്തേക്ക് നിർത്തി സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ പൊലിസ് അനീഷിനെ അറസ്റ്റ് ചെയ്തു, വാഹനം പിടിച്ചെടുത്തു, സ്റ്റേഷനിൽ എത്തിച്ച ശേഷം മർദിച്ചു എന്നാണ് പരാതി. അനീഷിൻ്റെ സാക്ഷികളുടെയും, ചികിത്സിച്ച ഡോക്ടറുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കോടതി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് ഉണ്ടെന്നു കണ്ടു സമൻസ് അയയ്ക്കുകയായിരുന്നു.
