പന്തളം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരം കാരമൂട്ടിൽ വീട്ടിൽ സുധീർ (51) ആണ് പോലീസ് പിടിയിലായത്. പന്തളം കുളനട സ്വദേശിനിയിൽ നിന്ന് ഓസ്ട്രേലിയയിൽ കെയർടേക്കർ ആയി ജോലി വാഗ്ദാനം ചെയ്ത് 2022 മുതൽ 2023 വരെയുള്ള കാലയളവിൽ ബാങ്ക് അക്കൗണ്ട് വഴി പതിനൊന്ന് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ കൈപ്പറ്റിയ ശേഷം ജോലിയോ പണമോ തിരികെ നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്. തട്ടിപ്പ് നടത്തി കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിച്ചിരുന്ന പ്രതി മാസങ്ങളായി ഒളിവിലായിരുന്നു.
