ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസണ് അഞ്ചിന്റെ കപ്പുയര്‍ത്തി സംവിധായകന് അഖില്‍ മാരാര്‍. ബിഗ് ബോസില്‍ സാബുമോന്, മണിക്കുട്ടന്, ദില്‍ഷ പ്രസന്നന് എന്നിവര്‍ക്കു ശേഷം നാലാമത് കപ്പുയര്‍ത്തുന്ന മത്സരാര്‍ത്ഥിയാണ് അഖില്‍ . വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. ഫസ്റ്റ് റണ്ണറപ്പ് ആയി റനീഷയും സെക്കന്റ് റണ്ണറപ്പ് ആയി ജുനൈസ് വിപിയും തിരഞ്ഞെടുക്കപ്പെട്ടു.
നാലാം സ്ഥാനം ശോഭ വിശ്വനാഥും അഞ്ചാം സ്ഥാനം ഷിജു എആറും നേടി. ഫിനാലെയുടെ തലേദിവസം സ്പോട്ട് എവിക്ഷനിലൂടെ പുറത്തായ സെറീന ആന്‍ ജോണ്സണ് ആണ് ആറാം സ്ഥാനം സ്വന്തമാക്കിയത്. 21 മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസ് സീസണില്‍ മാറ്റുരച്ചത്.
ഇന്നു ഗ്രാന്റ് ഫിനാലെ ആരംഭിച്ച് ആദ്യം പുറത്തായത് നടന് ഷിജുവായിരുന്നു. പിന്നീട് പുറത്തായത് സംരംഭകയായ ശോഭ വിശ്വനാഥായിരുന്നു. മ്യൂസിഷ്യന്‍ സ്റ്റീഫന്‍ ദേവസ്സിയാണ് കണ്ണുകെട്ടി ശോഭയെ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്നത്. നാലാമതായാണ് ബിഗ് ബോസ് ഹൗസില്‍ നിന്നും ശോഭ പുറത്തായത്. ശോഭ കിരീടം ഉയര്‍ത്തുമെന്നാണ് ചിലര്‍ വിശ്വസിച്ചിരുന്നത്. അവരുടെ പ്രതീക്ഷകള്‍ അസ്തമിപ്പിച്ചുകൊണ്ടാണ് ശോഭ പുറത്തായിരിക്കുന്നത്.
ബിഗ് ബോസ് വീട്ടിലെ ടോം ആന്‍ഡ് ജെറി എന്ന് പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെട്ട കോമ്പോയാണ് അഖില്‍ മാരാരും ശോഭ വിശ്വനാഥും. ഇരുവരും തമ്മിലുള്ള പോരാട്ടം ഷോയ്ക്ക് വീര്യം പകര്‍ന്നിരുന്നു. ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇറങ്ങും മുന്‍പ് പരസ്പരം കൈകൊടുത്തും സംസാരിച്ചും ആലിംഗനം ചെയ്തും പിണക്കങ്ങള്‍ ശോഭയും അഖിലും പറഞ്ഞുതീര്‍ത്തിരുന്നു.
ഇന്നലെ മത്സരാര്ഥികളില് ഒരാളായ സെറീന ആന്‍ ജോണ്സണ് വീട്ടിനു പുറത്തുപോയിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് അപ്രതീക്ഷിതമായ എവിക്ഷന് പ്രഖ്യാപിച്ചത്. പുറത്തുപോകുമ്പോള്‍ തനിക്കൊപ്പം ഒരാളുകൂടി ഈ വീട്ടില്‍ നിന്നുണ്ടുമെന്നായിരുന്നു വീട്ടിലെത്തിയ മോഹന്‍ലാല്‍ മത്സരാര്‍ഥികളോടു പറഞ്ഞത്.