തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും ലഹരി സാന്നിദ്ധ്യം പരിശോധിക്കുമെന്നും റൂറല്‍ എസ്പി ഡി ശില്പ പ്രതികരിച്ചു. വിവാഹം നിരസിച്ചതിലെ രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് അറിയിച്ചു.
ഇന്ന് വിവഹാം നടക്കാനിരുന്നു വീട്ടിൽ കയറിയായിരുന്നു അരുംകൊല. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് ബന്ധുക്കൾ പറഞ്ഞു. അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ശ്രീലക്ഷ്മിയെയാണ് ഇവർ ആദ്യം ആക്രമിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ശ്രീലക്ഷ്മിയെയും വീട്ടിൽ ഉണ്ടായിരുന്ന മറ്റ് സ്ത്രീകളെയും അക്രമികൾ ആക്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ ശ്രീലക്ഷ്മിയുടെ അച്ഛൻ രാജുവിന് അടിയേറ്റത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലെ രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അക്രമികൾ ആശുപത്രി വരെ പിന്തുടർന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടുവെന്നും ശ്രീലക്ഷ്മിയുടെ ബന്ധു പറയുന്നു.