പുത്തൂർ : തുടർച്ചയായ അപകടങ്ങളിൽ വിറങ്ങലിച്ച് കുളക്കട ഗ്രാമം. എം.സി.റോഡിൽ ലക്ഷംവീട് ജങ്ഷൻമുതൽ കുളക്കട പാലം ജങ്ഷൻവരെ അപകടങ്ങൾ സംഭവിക്കാത്ത ദിവസങ്ങളില്ല. ശനിയാഴ്ച കുളക്കട സ്കൂൾ ജങ്ഷനിൽ കെ.എസ്.ആർ.ടി.സി.ബസും പാഴ്സൽ ട്രക്കും കൂട്ടിമുട്ടിയതാണ് ഏറ്റവും ഒടുവിലത്തേത്. ട്രക്ക് ഡ്രൈവർ മരിച്ച സംഭവത്തിൽ ഇരുപതിലധികം പേർക്കാണ് പരിക്കേറ്റത്.
എം.സി.റോഡിൽ അല്ലെങ്കിലും ഇതേദിവസം സമീപമുള്ള കുളക്കട മൂലമുക്കിൽ ഒരു കാർ മറിഞ്ഞിരുന്നു. യാത്രക്കാർക്ക് കാര്യമായ പരിക്കേറ്റില്ലെന്നത് ആശ്വാസമായി. ഓരോ വർഷവും കുളക്കടയ്ക്കും പുത്തൂർമുക്കിനുമിടയിൽ പത്തിലേറെ അപകടമരണങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.കുളക്കടയിൽ സുരക്ഷാക്രമീകരണങ്ങൾ വേണമെന്ന നിരന്തര ആവശ്യത്തെത്തുടർന്ന് നാറ്റ്പാക് സംഘം ദിവസങ്ങളോളം പഠനം നടത്തി. കെ.എസ്.ടി.പി.റിപ്പോർട്ടും നിർദേശങ്ങളും സമർപ്പിച്ചിരുന്നു. ഇതുപ്രകാരം കുളക്കട സ്കൂൾ ജങ്ഷൻമുതൽ മൃഗാശുപത്രിക്കു സമീപംവരെ 240 ഫ്ലെക്സിബിൾ സ്പ്രിങ് പോസ്റ്റുകൾ സ്ഥാപിച്ചു.ഇതിനുശേഷം അപകടങ്ങൾക്ക് ചെറിയരീതിയിൽ ശമനമുണ്ടായിരുന്നു. എന്നാൽ നിലവിൽ ഇവയെല്ലാം തകർന്നും ഇളകിമാറിയനിലയിലുമാണ്. 30-ൽത്താഴെ മാത്രമേ ഇപ്പോൾ ഇവ കാണാനുള്ളൂ. അപകടം കുറയ്ക്കാൻ സ്ഥാപിച്ച സുരക്ഷാ ഇടനാഴിയുടെ വേലിക്കെട്ടുകളും പലയിടത്തും വാഹനമിടിച്ചു തകർന്നിട്ടുണ്ട്. രണ്ടു ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ബ്ലിങ്കറിങ് ലൈറ്റുകൾ, ചില സൂചനാ ബോർഡുകൾ എന്നിവയാണ് സുരക്ഷാക്രമീകരണങ്ങളായി അവശേഷിക്കുന്നത്.