കൊട്ടാരക്കര : എംസി റോഡിൽ വയയ്ക്കൽ വഞ്ചിപ്പെട്ടി ജംഗ്ഷനിൽ ടാങ്കർ ലോറി കാറിലിടിച്ച് മറിഞ്ഞു വൻ അപകടം ഒഴിവായി. ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് 9.30 നാണ് അപകടം നടന്നത്. കൊട്ടാരക്കര ഭാഗത്ത് നിന്നും ആയൂർ ഭാഗത്തേക്ക് ഇന്ധനവുമായി വന്ന ടാങ്കർ ലോറി എതിർദിശയിൽ വന്ന കാറുമായി ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന വയയ്ക്കൽ സ്വദേശി ആദം അയൂബിനെ (28) നിസാര പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ധന ടാങ്ക് ലീക്കാകുകയും എണ്ണ റോഡിലേക്ക് ഒഴുകുകയും ചെയ്തു. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. വാഹനങ്ങൾ മറ്റ് റോഡുകൾ വഴി തിരിച്ച് വിടുകയുമായിരുന്നു. കൊട്ടാരക്കര, അഞ്ചൽ, കടയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുമെത്തിയ അഗ്നിശമനസേന യൂണിറ്റും കൊട്ടാരക്കര, ചടയമംഗലം, അഞ്ചൽ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.
