പാലക്കാട് : സിക്കിമിൽ ട്രക്ക് അപകടത്തിൽ മരിച്ച സൈനികൻ വൈശാഖിനു നാടിന്റെ അന്ത്യാഞ്ജലി. മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ സഹദേവന്റെയും വിജയകുമാരിയുടെയും മകൻ വൈശാഖിന്റെ (27) മൃതദേഹം 25നു രാത്രി ഒൻപതരയോടെയാണു വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷും ജില്ലാ കലക്ടർക്കു വേണ്ടി എഡിഎം കെ.മണികണ്ഠനും വാളയാർ അതിർത്തിയിൽ ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ സൈനിക വാഹനത്തിൽ മാത്തൂർ ചുങ്കമന്ദം എയുപി സ്കൂളിൽ പൊതുദർശനത്തിനു കൊണ്ടുവന്ന മൃതദേഹത്തിൽ സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി കെ. കൃഷ്ണൻകുട്ടി പുഷ്പചക്രമർപ്പിച്ചു. പൊതുദർശനത്തിനു ശേഷം തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കാരം നടത്തി. വൈകിട്ട് സ്പീക്കർ എൻ.എം.ഷംസീർ വൈശാഖിന്റെ വസതിയിലെത്തി.
