നിർഭയ ദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കേരള വനിതാ കമ്മിഷൻ എന്നിവർ സംയുക്തമായി ‘പെൺപകൽ’ എന്ന പേരിൽ സ്ത്രീ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകളുടെ അന്തസിനും ആത്മാഭിമാനത്തിനും പോറലേൽക്കാത്ത സാമൂഹികസാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വനിതാകമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സ്ത്രീപക്ഷ നവകേരളം സാധ്യമായാൽ മാത്രമേ ഉദാത്തമായ നവകേരളം രൂപപ്പെടുത്താനാകൂവെന്നും അവർ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് സംരക്ഷണം വേണ്ടത് സഹജീവികളിൽ നിന്നാണ്, സ്ത്രീകൾ അനുഭവിക്കുന്ന നാനാവിധമുള്ള പ്രശ്നങ്ങൾക്ക് പുരുഷൻമാർ മാത്രമാണ് കാരണക്കാർ എന്ന് പറയാനാകില്ല. സ്ത്രീകൾക്കെതിരെയുള്ള പല കുറ്റകൃത്യങ്ങളിലും പ്രതിസ്ഥാനത്ത് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് അധ്യക്ഷ കൂട്ടിച്ചേർത്തു.
