തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കൊച്ചിയിൽ വിളിച്ചുചേർത്ത ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ്, എല്ലാ സംഘടനകളും തദ്ദേശ സ്വയം ഭരണ പൊതു സർവീസിനെ സ്വാഗതം ചെയ്യുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്. പൊതു സംഘടനകളുടെതും കാറ്റഗറി വിഭാഗങ്ങളുടേതുമടക്കം 43 സംഘടനാപ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്ത്. ഓരോ സംഘടനയുടെയും പ്രതിനിധികൾക്ക് വിശദമായി അവരവരുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കിയിരുന്നു. തദ്ദേശ സ്വയം ഭരണ പൊതു സർവീസ് നിലവിൽ വരുന്നതോടെ ഉയർന്നുവരുന്ന എല്ലാ വിഷയങ്ങൾക്കും സമയോചിതമായി പരിഹാരം കാണുമെന്ന് മന്ത്രി സംഘടനകൾക്ക് ഉറപ്പുനൽകി. 25 വർഷം മുൻപ് അധികാരവും വിഭവങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈമാറി നൽകി ജനകീയാസൂത്രണം നടപ്പിലാക്കുമ്പോൾ ഉയർന്നുവന്ന പ്രായോഗിക വിഷയങ്ങൾ കൈകാര്യം ചെയ്ത മാതൃകയിൽ, ഏകീകൃത വകുപ്പിൻറെ ഭാഗമായി ഉയർന്നുവരുന്ന വിഷയങ്ങളും അതാത് സന്ദർഭങ്ങളിൽ ചർച്ച ചെയ്ത് ചട്ടത്തിലും നിയമത്തിലും ഉത്തരവുകളിലും ഭേദഗതി വരുത്തും.
