തിരുവനന്തപുരം ∙ പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി 12,313 വീടുകൾ കൂടി നിർമിക്കാൻ അനുമതി ലഭിച്ചതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ചെലവാകുന്ന 492.52 കോടിയിൽ 307.83 കോടി സംസ്ഥാന വിഹിതവും 184.69 കോടി കേന്ദ്ര വിഹിതവുമാണ്. ഇതോടെ ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്നു വീട് ലഭിക്കുന്നവരുടെ എണ്ണം എൺപത്തി രണ്ടായിരത്തിൽ അധികമാകും. 2017 ലെ ലൈഫ് പട്ടികയിലെ ഗുണഭോക്താക്കളും 2019 ലെ അഡീഷനൽ പട്ടികയിലെ ഗുണഭോക്താക്കളുമായ 27,833 പേർ ഈ സാമ്പത്തിക വർഷം കരാറിൽ ഏർപ്പെട്ട് വീട് നിർമാണം പൂർത്തിയാക്കി. ഇതിനു പുറമേ 2017, 2019 പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ 29,189 വീടുകൾ നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്.
