ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് ജില്ലയില്‍ തുടങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൊന്നട കേദാര്‍ ഹില്‍സ് ഡയറി ഫാമില്‍ ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സീന ജോസ് പല്ലന് അധ്യക്ഷത വഹിച്ചു.
കന്നുകാലികളുടെ പാലുല്പാദനത്തെ ബാധിക്കുന്ന കുളമ്പു രോഗത്തെ ഘട്ടംഘട്ടമായി നിര്‍മാര്‍ജനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ 75399 പശുക്കള്‍, 4182 പോത്തുകള്‍ എന്നിവയെ കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും. 110 സ്ക്വാഡുകളാണ് മുന്‍കൂട്ടി നിശ്ചയിച്ച തീയതികളിലും, സമയങ്ങളിലും കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഉരുക്കള്‍ക്ക് സൗജന്യമായി കുത്തിവെയ്പ്പ് നല്‍കുന്നത്. നാല് മാസത്തില്‍ താഴെയുള്ള പശുക്കുട്ടികള്‍, ഏഴ് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉരുക്കള്‍ എന്നിവയെ കുത്തിവെപ്പില്‍ നിന്നും ഒഴിവാക്കും. ഡിസംബര്‍ 20 വരെയാണ് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്.
ചടങ്ങില്‍ ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. ജയരാജ്, വാര്‍ഡ് കൗണ്‍സിലര്‍ എം.ബി ബാബു, കല്‍പ്പറ്റ ക്ഷീരസംഘം പ്രസിഡന്റ് എം.മാത്യു, ഫാം മാനേജര്‍ സുനില്‍ പൊന്നട, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ ദിലീപ് കുമാര്‍, ഷിന്റോ ഡേവിഡ്, ജില്ലാ എപ്പിഡിമിയോളജിസ്റ്റ് ഡോ. നീതു ദിവാകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്തല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് പുല്‍പ്പള്ളി ക്ഷീര സംഘം ഉടമസ്ഥതയിലുള്ള കിടാരി പാര്‍ക്കില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു നിര്‍വഹിച്ചു. ഡിസംബര്‍ എട്ടിന് അവസാനിക്കു ന്ന രീതിയില്‍ 21 പ്രവര്‍ത്തി ദിവസങ്ങളിലായിട്ടാണ് പഞ്ചായത്തില്‍ വാക്സിനേഷന് ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏഴ് വാക്സിനേഷന് സ്ക്വാഡുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. 2019 ലെ സെന്‍സസ് പ്രകാരം 6600 ഓളം പശുക്കളും പോത്തുകളുമാണ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലുളളത്. ഇതില്‍ 80 ശതമാനത്തിലേറെ കന്നുകാലികളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.