പത്തനംതിട്ട: ഇലന്തൂരിൽ സ്ത്രീകളെ തലയറുത്ത് നരബലി നടത്തി കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹങ്ങൾ വീണ്ടെടുത്ത് അന്വേഷണസംഘം. ഇലന്തൂരിലെ ഭഗവൽ സിംഗിൻ്റെ വീട്ടുമുറ്റത്ത് നിന്നുമാണ് രണ്ട് മൃതദേഹങ്ങളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം കൊല്ലപ്പെട്ട പത്മയുടെ മൃതദേഹമാണ് പൊലീസ് ആദ്യം കുഴിച്ചെടുത്തത്. പിന്നീട് വീട്ടുമുറ്റത്തെ മറ്റൊരു ഭാഗത്ത് നിന്നും റോസ്ലിൻ്റെ മൃതദേഹത്തിൻ്റെ അവശിഷ്ടവും പൊലീസ് വീണ്ടെടുത്തു. രണ്ട് കുഴികൾക്കും മുകളിൽ പ്രതികൾ മഞ്ഞൾ നട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഭഗവൽ സിംഗ് – ലൈല ദമ്പതികളുടെ വീടിനോട് അഞ്ച് മീറ്റര്‍ അകലെയുള്ള ഒരു കുഴിയിൽ നാലരയടി താഴ്ചയിലാണ് പത്മയുടെ മൃതദേഹം കണ്ടെത്തിയത്. 22 കക്ഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ട നിലയിലായിരുന്നു പത്മയുടെ മൃതദേഹം. ഈ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് പാക്ക് ചെയ്തു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.