ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണ്. അസുഖ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദ്യാർത്ഥി നേതാവ്, നിയമസഭാ സാമാജികൻ, സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി, പാർട്ടിയുടെ ജില്ലാ സെക്രട്ടറി ,സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ സഖാവ് തന്റേതായ മുദ്ര പതിപ്പിച്ചു. വിദ്യാർത്ഥി സംഘടനാ രംഗത്തിലൂടെയാണ് രാഷ്ട്രീയജീവിതമാരംഭിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയി സംഘടനയെ നയിച്ചു. ഈ സമയത്ത് 16 മാസത്തോളം മിസ തടവുകാരനായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളമാകെ വേരുള്ള വിദ്യാർത്ഥി പ്രസ്ഥാനമായി എസ്എഫ്ഐയെ വളർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. മതനിരപേക്ഷതയിൽ അടിയുറച്ചു വിശ്വസിച്ച സഖാവ് തലശ്ശേരി കലാപകാലത്ത് ഹിന്ദു വർഗ്ഗീയ ശക്തികളെ ചെറുക്കുന്നതിന് മുന്നിൽ നിന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ പാർട്ടിയുടെ ചുമതലകൾ ഏറ്റെടുത്തു നിർവഹിക്കാൻ ആരംഭിച്ച അദ്ദേഹം പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം കേരളം രാഷ്ട്രീയത്തിന് സംഭാവന ചെയ്ത കരുത്തുറ്റ നേതാവാണ്. സഖാവ് സെക്രട്ടറി ആയിരുന്ന കാലം പാർട്ടി വലിയ വെല്ലുവിളികൾ നേരിട്ട സമയമാണ്. ഈ വെല്ലുവിളികളെ നേരിട്ട് സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും വളർത്തുന്നതിലും അതിനിർണായക പങ്കുവഹിച്ചു.
