ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനങ്ങൾ മാസംതോറും കൃത്യമായി അവലോകനം ചെയ്യണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ടത് പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ്. ജന നന്മയ്ക്ക് വേണ്ടി നിയമത്തിനകത്ത് നിന്നുകൊണ്ട് വളരെയേറെ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. അതിനുള്ള ആർജവം ഉദ്യോഗസ്ഥർക്കുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പി.എസ്.സി. വഴി നിയമനം ലഭിച്ച 33 ഫുഡ് സേഫ്റ്റി ഓഫീസർമാർക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
