കേരളത്തിൽ നടപ്പാക്കിയ പല പ്രധാന പദ്ധതികളും വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതികളുടെ തദ്ദേശീയ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിദേശയാത്രകൾ കൊണ്ട് എന്താണ് പ്രയോജനമെന്ന ചോദ്യങ്ങൾ ഉയർന്ന സാഹചര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.
വസ്തുത മനസിലാക്കിയാൽ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ നേട്ടങ്ങൾ മനസിലാക്കാനാകും. 1990ൽ മുഖ്യമന്ത്രി ഇ. കെ നായനാരും വ്യവസായ മന്ത്രി കെ ആർ ഗൗരിയമ്മയും അമേരിക്കയിലെ ഐടി ഹബ്ബ് ആയ സിലിക്കൺ വാലിയും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും സന്ദർശിച്ചിരുന്നു. ഇതിൻറെ തുടർച്ചയായാണ് കേരളത്തിൽ ഒരു ടെക്നോപാർക്ക് എന്ന ആശയം രൂപപ്പെട്ടതും, രാജ്യത്തെ തന്നെ ആദ്യ ഐടി പാർക്കായി അത് മാറിയതും. വിദേശ രാജ്യങ്ങളിലെ വികസന മാതൃകകൾ സംസ്ഥാനത്തിൻറെ സമഗ്രമായ വികസനത്തിന് ഉതകുന്ന രീതിയിൽ പകർത്തിയെടുക്കാൻ നമുക്കാകണം. വിദേശ യാത്രകളുടെ ലക്ഷ്യമതാണ്-മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിനു ശേഷം പ്രകൃതി ദുരന്തങ്ങളെ തടയാനും പ്രതിരോധിക്കാനും വേണ്ടി നടപ്പാക്കിയ ഡച്ച് മാതൃകയിലുള്ള’റൂം ഫോർ റിവർ’ പദ്ധതി മറ്റൊരു ഉദാഹരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2019ൽ നെതർലാൻറ്സ് സന്ദർശിച്ചാണ് വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഈ ഡച്ച് മാതൃക വിലയിരുത്തിയത്. 2018 ലെ പ്രളയത്തിൻറെ പശ്ചാത്തലത്തിൽ കുട്ടനാട് ഉൾപ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ റൂം ഫോർ റിവർ പദ്ധതി നടപ്പാക്കാനാകുമോ എന്നായിരുന്നു അന്ന് പരിശോധിച്ചത്.
നെതർലാൻറ്സ് കേരളം പോലെ മഴക്കെടുതികളും വെള്ളപ്പൊക്ക ഭീഷണിയും അനുഭവിക്കുന്ന പ്രദേശമാണ്. കുട്ടനാടുപോലെ സമുദ്രനിരപ്പിനോട് താഴ്ന്നു കിടക്കുന്ന നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്. 1993 ലും 1995 ലും കടുത്ത മഴ മൂലം നെതർലാൻറ്സിൽ പ്രളയമുണ്ടായിരുന്നു. കനത്ത നാശനഷ്ടമായിരുന്നു പ്രളയം അവിടെ ഉണ്ടാക്കിയത്. തൊണ്ണൂറുകളിലെ ആ കെടുതികളാണ് ആണ് ‘റൂം ഫോർ റിവർ’ എന്ന ഒരു വിപുലമായ പ്രളയപ്രതിരോധ പദ്ധതിയിലേക്ക് ആ രാജ്യത്തെ എത്തിക്കുന്നത്. 10വർഷങ്ങൾ കൊണ്ട് നടപ്പാക്കിയ പദ്ധതി വഴി വെള്ളപ്പൊക്കത്തിൻറെ ആക്കം കുറയ്ക്കാൻ നെതർലാൻറ്സിന് കഴിഞ്ഞു. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം നൽകുക എന്നതാണ് ‘റൂം ഫോർ റിവർ’ എന്ന ആശയം. ഈ പദ്ധതി കുട്ടനാട് പോലെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഉപകരിക്കുമെന്ന് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് അത് ഇവിടെ പ്രാവർത്തികമാക്കാൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.