സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണം വാരാഘോഷത്തിന് വർണ്ണ ശബളമായ സാംസ്കാരിക ഘോഷയാത്രയോടെ സമാപനം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് അഞ്ചിന് ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയുടേയും കേരളത്തിന്റേയും വൈവിധ്യമാർന്ന കലാസാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും വിദ്യാഘോഷങ്ങൾക്കും ഒപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്റുകളും ഘോഷയാത്രയിൽ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഡിപ്പാർട്ടുമെന്റുകളും അർദ്ധ സർക്കാർ സ്ഥാപനങ്ങളും സഹകരണ തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്ന് അവതരിപ്പിക്കുന്ന 76 ഫ്ളോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും. 10 അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫ്ളോട്ടുകളും ഘോഷയാത്രയുടെ ഭാഗമായി അണി നിരക്കും. 39 ഓളം കലാപരിപാടികൾ അണി നിരത്തുന്നത് ഭാരത് ഭവനാണ്. മുത്തുക്കുടയുമായി എൻ.സി.സി. കേഡറ്റുകൾ ഘോഷയാത്രയുടെ മുന്നിൽ അണി നിരക്കും. യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വി.ഐ.പി. പവലിയനിലാണ് മുഖ്യമന്ത്രി, എം.എൽ.എമാർ എന്നിവർക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുള്ളത്. ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്കും സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള കെയർ ഹോമിലെ അന്തേവാസികൾക്കും ഘോഷയാത്ര വീക്ഷിക്കാൻ പബ്ലിക് ലൈബ്രറിയുടെ മുന്നിലെ പവലിയനിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വൈകിട്ട് എട്ടിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം മികച്ച ഫ്ളോട്ടുകൾക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. സിനിമാ താരം ആസിഫ് അലി മുഖ്യ അതിഥിയായിരിക്കുമെന്ന് ഘോഷയാത്രാ കമ്മിറ്റി ചെയർമാൻ ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. നാല് പ്രധാന വേദികളിൽ വിവിധ കലാ സംഘടനകൾ അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ ഉണ്ടായിരിക്കും.