കേരളത്തില്‍ സുഭിക്ഷ ഹോട്ടലുകള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്നാമത്തെ സുഭിക്ഷ ഹോട്ടലാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ കല്ലോട് പ്രവര്‍ത്തനമാരംഭിച്ചത്.
പട്ടിണി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കില്‍ നല്‍കുകയെന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് വിശപ്പ് രഹിതകേരളം സുഭിക്ഷ ഹോട്ടല്‍. പേരാമ്പ്രയിലെ വനിതാ സ്വയം സഹായ സംഘമായ സുഭിക്ഷ കോക്കനട്ട്സ് പ്രൊഡ്യൂസേര്‍സ് കമ്പനി ലിമിറ്റഡിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. ഒരേസമയം നൂറ് പേര്‍ക്ക് ഇരുന്ന് കഴിക്കുള്ള സൗകര്യത്തോടെയാണ് ഹോട്ടല്‍ സജ്ജീകരിച്ചത്.
20 രൂപ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ഉച്ചയൂണ് ലഭ്യമാകും. മറ്റ് പ്രത്യേക വിഭവങ്ങളും വിലക്കുറവില്‍ ലഭിക്കും. കിടപ്പ് രോഗികള്‍ക്കുള്‍പ്പെടെ ഉച്ചഭക്ഷണം എത്തിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഓരോ ഊണിനും നടത്തിപ്പുകാര്‍ക്ക് അഞ്ച് രൂപ സബ്സിഡിയായി സര്‍ക്കാര്‍ നല്‍കും.