മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയോടെയാണു നേരിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങൾ നാർക്കോ കോ-ഓർഡിനേഷൻ സെന്റർ(എൻ.സി.ആർ.ഡി.) യോഗങ്ങൾ പതിവായി നടത്തുകയും അവയെ ജില്ലാതലത്തിൽവരെ എത്തിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് 30-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കോവളം റാവിസ് ഹോട്ടലിൽ നടന്ന യോഗത്തിൽ സംസ്ഥാനങ്ങൾ തമ്മിലും സംസ്ഥാനങ്ങളും കേന്ദ്രവുമായും ബന്ധപ്പെട്ട 26 വിഷയങ്ങൾ ചർച്ച ചെയ്തു. ഒമ്പത് എണ്ണം പരിഹരിക്കപ്പെട്ടു. 17 വിഷയങ്ങൾ കൂടുതൽ ചർച്ചകൾക്കായി മാറ്റിവച്ചു.
നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ സംയുക്ത പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രോത്പന്ന വ്യാപാര, കയറ്റുമതി വ്യവസായത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു വലിയ സാധ്യതയാണുള്ളത്. രാജ്യത്തെ ആകെയുള്ള 7,500 കിലോമീറ്റർ കടൽത്തീരത്തിൽ 4,800 കിലോമീറ്ററും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. 12 വൻകിട തുറമുഖങ്ങളിൽ ഏഴെണ്ണവും ഈ മേഖലയിലാണ്.