കോവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി വിമാനത്താള ലിമിറ്റഡ് (സിയാൽ) ശക്തമായ തിരിച്ചു വരവിലേക്ക്. 2021-22 സാമ്പത്തിക വർഷത്തിൽ സിയാൽ 37.68 കോടി രൂപ (നികുതിക്ക് മുമ്പുള്ള) ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം സിയാലിന്റെ 2021-22 സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്ക് അംഗീകരിച്ചു. നിക്ഷേപകരുടെ വാർഷിക പൊതുയോഗം സെപ്തംബർ 26 ന് നടത്താനും നിശ്ചയിച്ചിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ 87.21 കോടി രൂപ നഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ നിന്നുമാണ് കമ്പനിയുടെ തിരിച്ചുവരവ്. 252.71 കോടി രൂപയായിരുന്നു 2020-21 ലെ മൊത്തവരുമാനം. പ്രതിവർഷം ഒരു കോടിയോളം യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന സിയാലിന് കോവിഡ് കാലഘട്ടത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവു നേരിട്ടിരുന്നു. പുതിയ സാമ്പത്തിക വർഷത്തിൽ കോവിഡ് ഭീഷണി ഒഴിഞ്ഞതിനൊപ്പം, കണക്റ്റിവിറ്റി വർധിപ്പിക്കാൻ കമ്പനി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ലക്ഷ്യം കണ്ടു. യാത്രക്കാരുടെ എണ്ണം 24.7 ലക്ഷത്തിൽനിന്നും 47.59 ലക്ഷത്തിലേക്ക് ഉയർന്നു. 418.69 കോടി രൂപയാണ് 2021-22ലെ മൊത്തവരുമാനം. 217.34 കോടി രൂപ ആണ് പ്രവർത്തന ലാഭം. നികുതിക്ക് മുമ്പുള്ള ലാഭം 37.68 കോടി രൂപയും നികുതി കിഴിച്ചുള്ള ലാഭം 26.13 കോടി രൂപയുമാണ്. സിയാലിന് നൂറുശതമാനം ഓഹരിയുള്ള സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീടെയിൽ സർവീസസ് ലിമിറ്റഡിന്റെ (സി.ഡി .ആർ .എസ്.എൽ) വരുമാനം 52.32 കോടി രൂപയിൽ നിന്നും 150.59 കോടി രൂപയിലേക്കു വർധിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ 675 കോടി രൂപയുടെ മൊത്തവരുമാനമാണ് സിയാൽ പ്രതീക്ഷിക്കുന്നത്.
