ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന ഊർജ്ജിതമാക്കാൻ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഓണ വിപണിയുടെ ഭാഗമായി എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. തിരുവോണത്തിന് ഏഴ് ദിവസം മുമ്പ് മുതൽ സ്ക്വാഡ് പ്രവർത്തനം ആരംഭിക്കും. മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, നിർമാതാവിന്റെ വിലാസം, ഉത്പന്നം പാക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരാമവധി വിൽപ്പന വില, പരാതി പരിഹാര നമ്പർ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകൾ വിൽപ്പന നടത്തുക, എം.ആർ.പി യെക്കാൾ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തി പാക്കറ്റുകൾ പിടിച്ചെടുത്ത് പിഴ ഈടാക്കുകയോ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുകയോ ചെയ്യും.
