സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 13,429 ബില്ലുകളാണ് ആപ്പിൽ അപ്ലോഡ് ചെയ്യപ്പെട്ടത് .ആപ്പിൽ ബില്ലുകൾ അപ്ലോഡ് ചെയ്തവർക്കുള്ള പ്രതിദിന നറുക്കെടുപ്പിലെ വിജയികളായവരുടെ വിവരങ്ങൾ ചരക്ക് സേവന നികുതി വകുപ്പ് ഫെയ്സ്ബുക്ക് പേജിലും വെബ്സൈറ്റിലും ലഭ്യമാണ്. ആപ്പ് നോട്ടിഫിക്കേഷനായും അറിയിപ്പ് ലഭിക്കും. പ്രതിദിന നറുക്കെടുപ്പിലെ വിജയികൾക്ക് കുടുംബശ്രീ നൽകുന്ന 1000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും, വനശ്രീ നൽകുന്ന 1000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും ലഭിക്കും. ഗിഫ്റ്റ് പാക്കറ്റുകൾ മൊബൈൽ ആപ്പിൽ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയച്ച് നൽകും.
ബില്ലുകൾ അപ്ലോഡ് ചെയ്യുന്ന ഉപയോക്താക്കൾ ബില്ലിലെ വിവരങ്ങളും, മൊബൈൽ ആപ്പ് സ്വയം ബില്ലിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളായ ജി.എസ്.ടി നമ്പർ, ബിൽ തീയതി, ബിൽ നമ്പർ, ബിൽ തുക എന്നിവ ഒത്ത് നോക്കി ശരിയയാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ബില്ലുകൾ സമർപ്പിക്കാവു. ആപ്പ് സ്വമേധയാ ശേഖരിക്കുന്ന വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ വിവരങ്ങൾ തിരുത്തി സമർപ്പിക്കണം. ആപ്പിലെ ബിൽ വിവരങ്ങളും ഒപ്പം സമർപ്പിക്കുന്ന ബില്ലിലെ വിവരങ്ങളും വ്യത്യസ്തമാണെകിൽ തെറ്റായ ബില്ലുകൾ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കും.