സംസ്ഥാനത്തെ 20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് അഞ്ച് വർഷം കൊണ്ട് തൊഴിൽ നൽകുമെന്ന് തദ്ദേശ സ്വയംഭരണം- എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച ഹരിത ബയോ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാർത്ഥികൾക്ക് വീട്ടിൽ അല്ലെങ്കിൽ, വീട്ടിനരികിൽ ഇരുന്നു കൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യമാണ് ഒരുക്കുക. കുടുംബശ്രീയും ഓക്സിലറി ഗ്രൂപ്പുകളും ചേർന്ന് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ 53 ലക്ഷം പേർക്ക് കേരളത്തിൽ ജോലി വേണം. പ്ലസ് ടു പാസായതും 59 വയസ്സിൽ താഴെയുള്ളവരുമാണ് ഇവർ. ഏകദേശം 29 ലക്ഷം പേർ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വരാണ്. ഇവർക്കെല്ലാം ജോലി കൊടുക്കാനുള്ള തയ്യാറെടുപ്പു കളാണ് സർക്കാർ നടത്തുന്നത്.
