കയർ വ്യവസായ മേഖലയിൽ 60 വർഷമായി നിലനിൽക്കുന്ന അശാസ്ത്രീയ വേതന നിർണയ വ്യവസ്ഥ അവസാനിപ്പിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇതിന്റെ ഭാഗമായി ഒൻപത് ശതമാനം വർധനയോടെ പുതുക്കിയ വേതന നിരക്ക് നിലവിൽ വന്നതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വർധനയടക്കമുള്ള പുതിയ വേതനം പ്രകാരം പുരുഷ തൊഴിലാളിക്ക് ദിവസം 815.44 രൂപയും സ്ത്രീ തൊഴിലാളിക്ക് 680.88 രൂപയുമായിരിക്കും. 667 രൂപയാണ് പുതിയ അടിസ്ഥാന വേതനം. 2018 ലാണ് കയർ തൊഴിലാളികളുടെ വേതനം അവസാനം പുതുക്കിയത്. അശാസ്ത്രീയ രീതിയിൽ വേതനം നിർണയിച്ചിരുന്നത് അവസാനിപ്പിക്കാൻ കഴിഞ്ഞതു ചരിത്രനേട്ടമെന്നു മന്ത്രി പറഞ്ഞു. തൊഴിലാളി സംഘടനകളുമായും ഫാക്ടറി ഉടമകളും കയർ കയറ്റുമതിക്കാരുമായി ഇക്കാര്യം ചർച്ച ചെയ്യാൻ അപെക്സ് ബോർഡ് വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദനെ സർക്കാർ നിയോഗിച്ചിരുന്നു. മൂന്ന് ദിവസത്തെ ചർച്ചക്കൊടുവിലാണ് എല്ലാ തൊഴിലാളി സംഘടനകളും ഉടമകളും അനുകൂല തീരുമാനത്തിലെത്തിയത്. ഇത്തരമൊരു തീരുമാനം കൈക്കൊണ്ട തൊഴിലാളി സംഘടനകളെ മന്ത്രി അഭിനന്ദിച്ചു.
